തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ അമല്‍ മുഹമ്മദ് അലിക്ക് തന്നെ ലഭിക്കും. ഥാര്‍ ലേലത്തിന് ഭരണസമിതി അംഗീകാരം നല്കി. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ദേവസ്വം കമ്മീഷണര്‍ക്ക് അനുമതിക്കയക്കും. നടപടി പൂര്‍ത്തിയാവുന്നതോടെ ഥാര്‍ ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദ് അലിക്ക് തന്നെ ലഭിക്കും.
ജിഎസ്ടി അടക്കം 18 ലക്ഷം രൂപയാണ് അമല്‍ ഥാറിന് നല്‍കേണ്ടി വരിക. 15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് എറണാകുളം സ്വദേശി അമല്‍ സ്വന്തമാക്കിയത്. ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് അഡ്വ. കെ ബി മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ദേവസ്വം കാര്യാലയത്തിലായിരുന്നു യോഗം ചേര്‍ന്നത്.
വാഹനത്തിന് ഇരുപത്തിഒന്ന് ലക്ഷം രൂപവരെ നല്കാന് തയ്യാറായിരുന്നു എന്ന് അമല്‍ മുഹമ്മദിന്റെ പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചതോടെ ലേലം ഉറപ്പിച്ചത് താല്‍ക്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണ സമിതിയുടെതാണെന്നും ദേവസ്വം ചെയര്‍മാനും നിലപാടെടുത്തിരുന്നു.
ഇതോടെയാണ് സംഭവം വിവാദമായത്. ഇക്കഴിഞ്ഞ ഡിസംബര്‍ 4ന് ആയിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡ് പുതിയ മഹീന്ദ്ര ന്യൂ ഥാര്‍ ഫോര്‍ വീല്‍ ഡ്രൈവ് ദേവസ്വത്തിന് കൈമാറിയത്. തുടര്‍ന്ന് വാഹനം പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.