ഇടുക്കി: വീട്ടിനുള്ളിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചു കയറി. എംസി റോഡില്‍ ടിബി കവലയിലാണ് സംഭവം. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയും മക്കളും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 2.30നായിരുന്നു അപകടം.
സ്റ്റോണ്‍ വര്‍ക് വ്യാപാരിയായ ഉറുമ്പില്‍തടത്തില്‍ രാജുവിന്റെ വീട്ടിലേക്കാണ് മൂവാറ്റുപുഴ ഭാഗത്തു നിന്നു വന്ന ലോറി പാഞ്ഞു കയറിയത്. വീട്ടുകാര്‍ ഈ സമയം ഉറക്കത്തിലായിരുന്നു. തകര്‍ന്ന ഭിത്തിക്കടിയില്‍ പെട്ട് പരുക്കേറ്റു കിടന്ന ഭാര്യ ഷെര്‍ലിന്‍ (33), മകള്‍ മഗീഷ (11) എന്നിവരെ അടുത്ത മുറിയിലായിരുന്ന രാജു തന്നെ പുറത്തെടുത്തത്.
also read: ബംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം
തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. രാജുവിനൊപ്പം ഉറങ്ങുകയായിരുന്ന മകന് ജെറിനും (9) പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടം നടന്ന ഉടനെ ലോറി ഡ്രൈവര്‍ ഓടി മറഞ്ഞു. ലോറിയില്‍ യാത്രക്കാരായി കയറിയ 2 പേര്‍ക്ക് നിസ്സാരപരുക്കുണ്ട്.
ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി നീക്കിയാല്‍ വീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകരുമെന്ന നിലയാണ്. രാജുവിന്റെ വീട്ടിലേക്കും കടയിലേക്കും മുന്‍പും വാഹനം ഇടിച്ചു കയറിയിട്ടുണ്ട്. അന്നും അത്ഭുതകരമായാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്.