ആലപ്പുഴ: അശ്ലീലച്ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ആലപ്പുഴ ജില്ലയിലാണ് സംഭവം. അയല്‍വാസിയായ സ്ത്രീയെ കൊലപ്പെടുത്ത സംഭവത്തില്‍ കൈനടി അടിച്ചിറയില്‍ പ്രദീപികുമാര്‍ (46)നാണ് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്.
കൈനടി സ്വദേശിയായ സരസമ്മയെ (60) കൊലപ്പെടുത്തിയ കേസിലാണ് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. പ്രതി ഒരു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും.
also read: നടി സാമന്ത ആശുപത്രിയില്‍, കടുത്ത വൈറല്‍ അണുബാധയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി മാനേജര്‍
2004 മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദീപ്കുമാര്‍ സരസമ്മയുടെ വീട്ടില്‍ വന്ന് അശ്ലീല ചുവയോടെ സംസാരിക്കുന്നത് പതിവാക്കിയിരുന്നു. ഇത് സരസമ്മ എതിര്‍ത്തിരുന്നു. സംഭവ ദിവസം ഇവരുടെ വീട്ടിലെത്തിയ പ്രദീപ്കുമാര്‍ പതിവ് രീതിയില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ സരസമ്മ എതിര്‍ത്തു.
ഈ സമയം പ്രദീപ്കുമാര്‍ കൈവശം കരുതിയ വെട്ടുകത്തി ഉപയോഗിച്ച് സരസമ്മയുടെ കഴുത്തിലും മുഖത്തും കൈയിലും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മകന് എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മകനെ ഒന്നും ചെയ്യരുതെയെന്ന് പറഞ്ഞ് സരസമ്മ ഇടക്ക് കയറിയപ്പോള്‍ വീണ്ടും വെട്ടി. ഗുരുതരമായി പരിക്കേറ്റ സരസമ്മയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് ഒന്നാം സാക്ഷി കൊല്ലപ്പെട്ട സരസമ്മയുടെ മകന് ഓമനക്കുട്ടന്, രണ്ടാം സാക്ഷി ഇയാളുടെ ഭാര്യ അജിത, മൂന്നാം സാക്ഷി സരസമ്മയുടെ ഭര്തൃസഹോദരന് അനിയന് എന്നിവര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു.