ചെങ്ങന്നൂര്‍: കേരളത്തില്‍ അലച്ചു തുള്ളി പെയ്ത മഴയില്‍ വീടുള്‍പ്പടെ സര്‍വ്വതും നശിച്ചു പോയെങ്കിലും ജീവന് നിലനിര്‍ത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഒരു വിഭാഗം ജനം. എന്നാല്‍ മറ്റൊരു വിഭാഗം രക്ഷാ സംഘത്തിന് തലവേദന സൃഷ്ടിക്കുകയാണ്. രണ്ടാം നിലയിലും മറ്റും കുടുങ്ങിയവരെ രക്ഷപ്പെടുത്തുവാനും മറ്റും എത്തുന്നവരോട് തീര്‍ത്തും പ്രതികരിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ജീവന് പോയാലും വീട് വിട്ട് ഇറങ്ങാന്‍ കൂട്ടാക്കാത്തതാണ് പ്രധാന വിഷയം.
രക്ഷാപ്രവര്‍ത്തകര്‍ കിണഞ്ഞു ശ്രമിച്ചിട്ടും വീടു വിട്ടുപോകാന്‍ കൂട്ടാക്കുന്നില്ല ഇവര്‍. ഒരു പോലീസുകാരനുള്പ്പെട്ട രക്ഷാസംഘത്തോട് ഇവിടെ വെള്ളം കയറില്ലെന്ന് ആവര്‍ത്തിച്ച് ഉറപ്പിച്ചു പറയുന്നുമുണ്ട്. നിങ്ങള്‍ ടിവിയൊന്നും കാണുന്നില്ലേ, അത്രക്കു മോശമാണ് നമ്മുടെ നാടിന്റെ അവസ്ഥ. കൊല്ലാനല്ല, ജീവിക്കാനാണ് നിങ്ങളെ കൊണ്ടുപോകുന്നത്. സുരക്ഷിതമായ ഇടത്തേക്കാണ് പോകുന്നത്. ഇവിടിരുന്ന് നിങ്ങള്‍ എങ്ങനെയാണ് പ്രായമായവര്‍ക്ക് മരുന്നു വാങ്ങിക്കൊടുക്കുന്നത്, ഇനിയും ജീവിക്കണ്ടേ”, രക്ഷിക്കാനെത്തിയവരിലൊരാള് പലതും പറഞ്ഞിട്ടും വീട്ടുകാര്‍ കൂട്ടാക്കുന്നില്ല.
പ്രസവിച്ച അമ്മയെ തോളിലേറ്റിയാണ് കഴിഞ്ഞ സുനാമിയുടെ സമയത്ത് ഞാന്‍ പോയതതെന്നും മൂന്നാം നിലയുടെ മുകളിലുള്ളവരാണ് ചെങ്ങന്നൂരില്‍ ഇപ്പോള്‍ നില്‍ക്കുന്നതെന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനുമപ്പുറമാണ് വെള്ളെമെന്നും കൂട്ടത്തിലുള്ള പോലീസുകാരന്. എന്നിട്ടും വീട്ടിലുള്ളവര്‍ക്ക് കുലുക്കമില്ല. ഇനി വെള്ളം കൂടില്ലെന്ന് ആവര്‍ത്തിച്ചു പറയുകയാണവര്‍.
ചെങ്ങന്നൂരൊന്നും കേറിയ വെള്ളം ഇവിടൊന്നും കേറില്ലെന്ന അമിത ആത്മവിശ്വാസത്തിലാണ് വീട്ടിലുള്ള പ്രായമായ സ്ത്രീ. ചെങ്ങന്നൂര്‍ ഉയര്‍ന്ന പ്രദേശത്തല്ലേ, അവിടെ വെള്ളം കയറിയാല്‍ ഇവിടെ ഇനിയും വെള്ളമുയരുമെന്ന് പോലീസുകാരന് വീണ്ടും. ഒടുവില്‍ പറഞ്ഞുമടുത്ത് രക്ഷാപ്രവര്‍ത്തകര്‍ മടങ്ങുന്ന ദൃശ്യമാണ് വിഡിയോയില്‍.