ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്ര സമ്മാനിച്ച വാഹനം ദേവസ്വത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും എന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് അഡ്വ. കെബി മോഹന്‍ദാസ്. തങ്ങളുടെ ന്യൂ ജനറേഷന് എസ്യുവിയായ ഥാറിന്റെ ലിമിറ്റഡ് എഡിഷന് വാഹനമായിരുന്നു മഹീന്ദ്ര ഗുരുവായൂരില്‍ സമ്മാനിച്ചത്.
മഹീന്ദ്ര ഗുരുവായൂരില്‍ ഥാര്‍ സമ്മാനിച്ചുവെന്ന വാര്‍ത്ത വന്നതോടെ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരുന്നു. നിരവധി ട്രോളുകളാണ് പിന്നാലെ ഉയര്‍ന്നത്. ഇത്തരത്തില്‍ ലഭിച്ച വാഹനത്തിന്റെ ദൗത്യം എന്താണെന്നും എത് തരത്തിലായിരിക്കും വാഹനം ഉപയോഗിക്കുക, എന്നുമൊക്കെ സംശയങ്ങളും വ്യാപകമാണ്.
ഈ വിഷയത്തിലെ സംശയങ്ങള്‍ക്ക് മറുപടി പറയുകയാണ് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് അഡ്വ. കെബി മോഹന്‍ദാസ്. ‘മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ടിവിഎസ് എന്നീ കമ്പനികള്‍ അവരുടെ എല്ലാ വാഹനങ്ങളും ഗുരുവായുരില്‍ കാണിക്കയായി നല്‍കാറുണ്ട്. അതൊരു പതിവാണ്”- അദ്ദേഹം പറഞ്ഞു.
ഗുരുവായൂരപ്പന് സര്‍വ്വവ്യാപിയാണ് എന്നാണ് വിശ്വാസം. വാഹനം ആവശ്യമില്ല. ട്രോളുകള്‍ ഉണ്ടാക്കുന്നവര്‍ പോലും അത്തരത്തില്‍ വിശ്വസിക്കുന്നില്ല. കാണിക്കയായി ലഭിച്ചിട്ടുള്ള വാഹനം ദേവസ്വത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും’ എന്നും ദേവസ്വം ചെയര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ ശനിയാഴ്ചയാണ് വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ള ഥാര്‍ കമ്പനി അധികൃതര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചത്. മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബല്‍ പ്രോഡക്ട് ഡവലപ്മെന്റ് ആര് വേലുസ്വാമി ദേവസ്വം ചെയര്മാന് അഡ്വ കെബി മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ കൈമാറി.