കൊച്ചി: കൊച്ചി കോര്‍പ്പറേഷന്റെ ജനകീയ ഹോട്ടലായ സമൃദ്ധിയെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. 10 രൂപയ്ക്ക് ലഭിക്കുന്ന ഊണ് വിശപ്പടക്കുന്നതിനൊപ്പം കഴിക്കുന്നവരുടെ മനസ്സും നിറയ്ക്കുന്നതാണ്. ഊണിനൊപ്പം നോണ്‍വെജ് കൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചവര്‍ക്കായി ഫിഷ് ഫ്രൈയും നല്കാന് തുടങ്ങിയിരിക്കുകയാണ് കോര്പ്പറേഷന്.
വിശപ്പുരഹിത കൊച്ചി എന്ന പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ ജനകീയ ഹോട്ടല്‍ ആരംഭിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് പ്രവര്‍ത്തനമാരംഭിച്ച സമൃദ്ധിയില്‍ പ്രതിദിനം 3500ഓളം ഊണാണ് വില്‍ക്കുന്നത്. ഇരുന്നു കഴിക്കുന്നതിനു പത്തു രൂപയും പാഴ്സല്‍ ആയി പതിനഞ്ചു രൂപയുമാണ് ഈടാക്കുന്നത്.
തിരക്ക് കണക്കിലെടുത്ത് ഹോട്ടലിനോട് ചേര്‍ന്നുള്ള ഷീ ലോഡ്ജില്‍ 150 ഇരിപ്പിടങ്ങള്‍ സജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് അധികൃതര്‍. ഇപ്പോള്‍ ഊണിനൊപ്പം നോണ്‍വെജ് കൂടി ഒരുക്കിയതോടെ പതിവിലും തിരക്കാണ് ഹോട്ടലില്‍. ചൂര മത്സ്യമാണ് ഇപ്പോള്‍ വിളമ്പുന്നത്. ഒരു പീസിന് 30 രൂപയാണ് വില.
ാവിലെ 11 മണി മുതലാണ് ഉച്ചഭക്ഷണം നല്കിത്തുടങ്ങുന്നത്. ഫിഷ് ഫ്രൈ ലഭ്യമാക്കിത്തുടങ്ങിയ ആദ്യ ദിവസം രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ അഞ്ഞൂറു കഷ്ണം മീന്‍ കാലിയായി. രണ്ടാം ദിവസം 750 കഷ്ണം മീനാണ് വിറ്റത്. അത്യാധുനിക തവയിലാണ് ഇവ പാചകം ചെയ്യുന്നത്. ഒരേ സമയം നൂറോളം മത്സ്യകഷ്ണങ്ങള്‍ വറക്കാന്‍ കഴിയുമെന്നതും എണ്ണ തീരെ കുറച്ചുമതിയെന്നതുമാണ് ഗുണം.