മൂന്നാര്‍: മൂന്നാറില്‍ പോക്സോ കേസില്‍ പ്രതിയായ അമ്പത്തിയാറുകാരന് വീടിനുള്ളില്‍ മരിച്ച നിലയില്‍. ന്യൂ കോളനി സ്വദേശി പി പാല്‍പാണ്ടി (56)യെ ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ കോടതിയില്‍ ഹാജരാകാന്‍ ഇയാള്‍ക്ക് സമന്‍സ് ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലോടെയാണ് പാല്‍പാണ്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 2019 ഒക്ടോബറിലാണ് പാല്‍പാണ്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 3 മാസം ജയിലില്‍ കിടന്ന ശേഷം പാല്‍പാണ്ടി ജാമ്യത്തില്‍ പുറത്തിറങ്ങി.
അതേസമയം, പാല്‍പാണ്ടി നിരപരാധിയാണെന്നും പീഡനം സംബന്ധിച്ച് വ്യാജപരാതി നല്കി കേസില്‍ കുടുക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി പാല്‍പാണ്ടിയുടെ അയല്‍വാസികള്‍ പൊലീസില്‍ പരാതി നല്കി. ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
പാല്‍പാണ്ടിക്ക് എതിരായ പീഡനക്കേസ് സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതാണെന്നും മക്കളും മരുമക്കളും ചേര്‍ന്ന് ഇദ്ദേഹത്തെ പല തവണ മര്‍ദിച്ചിരുന്നതായും അയല്‍വാസികളായ 56 പേര് ചേര്‍ന്ന് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.