കളമശേരി; കൊച്ചിയില്‍ കാര്‍ മെട്രോ പില്ലറിലിടിച്ചു മറിഞ്ഞ് യുവതി മരിച്ച അപകടം പൊലീസിനെ വലച്ചത് മണിക്കൂറുകളോളം. അപകടസമയത്തു കാറിനകത്തു യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവ് ആശുപത്രിയില്‍ വച്ചു മുങ്ങിയതാണു പൊലീസിനു തലവേദനയായത്.
ദേശീയപാതയില്‍ മുനിസിപ്പല്‍ ഓഫിസിനു സമീപം പുലര്‍ച്ചെയായിരുന്നു അപകടം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഡ്രൈവര്‍ , യുവാവിനെ പരിചയമില്ലെന്നു പറഞ്ഞതും വിഷമത്തിലാക്കി. യുവതിയുടെ ഫോണ്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു.
യുവതിയുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചു. ഇവയില്‍ എല്ലാ നമ്പറിലേക്കും വിളിച്ചു. ഒരു നമ്പര്‍ മാത്രം റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ലെന്നു കണ്ടെത്തി. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കടമക്കുടിയിലാണെന്നും വരാപ്പുഴ സ്വദേശി ജിബിന്‍ ജോണ്സണ് എന്നയാളാണെന്നും മനസ്സിലായത്.
പൊലീസ് സംഘം അവിടെയെത്തി സഹോദരിയുടെ വീട്ടില്‍ നിന്നു ജിബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതോടെയാണു മണിക്കൂറുകള്‍ നീണ്ട ദുരൂഹത നീങ്ങിയത്. അപകടത്തില്‍ പെട്ട കാറിന്റെ ഡ്രൈവറും യുവാവും നന്നായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
അപകടം നടന്നപ്പോള്‍ അതുവഴി വന്ന മഴുവന്നൂര്‍ സ്വദേശിയാണ് കാറില്‍ മൂവരെയും ആശുപത്രിയിലെത്തിച്ചത്. യുവതിയെയും ഡ്രൈവറെയും അത്യാഹിത വിഭാഗത്തിലേക്കു മാറ്റുന്നതിനിടയില്‍ യുവാവ് പുറത്തേക്കു പോയി. ലക്കുകെട്ട ഇയാള്‍ ആശുപത്രിയില്‍ നിന്നു അധികം ദൂരത്തല്ലാതെ റോഡരികില്‍ വീണു കിടന്നു.
രാവിലെ 6 മണിയോടെയാണ് ഇയാള്‍ക്ക് ബോധം വീണത്. ടൈല്‍ ജോലിക്കാരനായ ഇയാള്‍ സുഹൃത്തിനെ വിളിച്ചപ്പോഴാണ് അപകടമുണ്ടായതും യുവതി മരിച്ചതുമെല്ലാം അറിയുന്നത്. ഉടനെ കടമക്കുടിയിലേക്കു പോവുകയായിരുന്നു. അപകടം നടന്ന കാര്യം യുവതിക്കൊപ്പം സഞ്ചരിച്ചിരുന്ന ജിബിന്‍ ഓര്‍മയില്ലെന്നാണ് പറയുന്നതെന്നു പൊലീസ് പറഞ്ഞു.
ഏതൊക്കെ വഴിയിലൂടെ വാഹനമോടിച്ചുവെന്നും ഇവര്‍ക്കറിയില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.