അമയന്നൂര്‍: അതിശക്തമായ ഇടിമിന്നലിനെ തുടര്‍ന്നു വീട്ടിലെ ഫാന്‍ പൊട്ടിത്തെറിച്ചു. കോട്ടയം ജില്ലയിലെ അമയന്നൂരിലാണ് സംഭവം. അപകടത്തില്‍ കൊച്ചു കുട്ടി ഉള്‍പ്പെടെ രണ്ടു പേര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച 3.30ഓടെയാണ് സംഭവം.
പൂതിരിക്കല്‍ പുളിക്കത്തോപ്പില്‍ ഇബ്രാഹിം, മകള്‍ രണ്ടര വയസ്സുകാരി നൂറ ഫാത്തിമ എന്നിവര്‍ക്കാണ് ഫാന്‍ പൊട്ടിത്തെറിച്ച് പരുക്കേറ്റത്. ശക്തമായ ഇടിമിന്നലില്‍ വീട്ടിലെ ഫാന്‍ പൊട്ടി തെറിച്ചു ദേഹത്തേക്കു കഷണങ്ങള്‍ തെറിച്ചു വീഴുകയായിരുന്നു.
Read also: തുലാവര്‍ഷം ശക്തി കുറഞ്ഞു, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയില്ല
ഇബ്രാഹിമിന്റെ കഴുത്തിനു പിന്നിലും കാലിലും, നൂറയുടെ കയ്യിലും ഫാനിന്റെ കഷണം തെറിച്ചു വീണു. കുടുംബാംഗങ്ങള്‍ വീട്ടില്‍ സംസാരിച്ചിരിക്കുന്നതിന് ഇടയിലാണ് ഞെട്ടിക്കുന്ന സംഭവം. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിമിന്നലില്‍ വീടിനും നാശനഷ്ടമുണ്ടായിട്ടുണ്ട്. ശക്തമായ മിന്നലില്‍ വീട്ടിലെ മീറ്ററും വയറിങ്ങും പൂര്‍ണമായി കത്തി നശിച്ചു. വീടിന്റെ സിറ്റൗട്ടിലെ ഭിത്തി പൊട്ടുകയും ചെയ്തിട്ടുണ്ട്.