തിരുവനന്തപുരം; സ്കൂളുകളുടെ പ്രവര്‍ത്തനസമയം നീട്ടുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനാവും അന്തിമതീരുമാനമെടുക്കുക. നിലവില്‍ ഉച്ചവരെയുള്ള ക്ലാസുകള്‍ വൈകീട്ട് വരെയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.
ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലാസുകള്‍ വൈകുന്നേരം വരെയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ ചെയ്തത്. സമയം നീട്ടുമ്പോഴും വിവിധ ദിവസങ്ങളില്‍ ബാച്ചുകളായുള്ള പഠനം തുടരും. ബയോബബിള്‍ അടക്കമുള്ള കൊവിഡ് പ്രോട്ടോക്കോളും നിലനിര്‍ത്തും.
സമയമാറ്റത്തില്‍ നയമപരമായ തീരുമാനം വരേണ്ടത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് വിട്ടത്. ഡിസംബറോടു കൂടി പുതിയ സമയക്രമം കൊണ്ടുവരാനാണ് ആലോചന. സമയമാറ്റത്തിനൊപ്പം പരീക്ഷാ കലണ്ടറിലും തീരുമാനം ഉടന്‍ വരും. പരീക്ഷകള്‍ക്ക് മുന്‍വര്‍ഷത്തെ പോലെ മുഴുവന്‍ പാഠഭാഗങ്ങളും പഠിക്കുന്നതിന് പകരം ഫോക്കസ് എരിയ നിശ്ചയിക്കുന്നതാണ് പരിഗണനയില്‍ ഉള്ളത്. പ്ലസ് വണ്ണിന് പുതിയ ബാച്ച് അനുവദിക്കാനും ധാരണയായി. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം, കോഴിക്കോട് , പാലക്കാട് ജില്ലകളിലാണ് ബാച്ച്. തൃശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളിലും പുതിയ ബാച്ചുകളുണ്ടാകും.