ആലുവ: ഗാര്‍ഹിക പീഡനത്തിനിരയായി ആലുവയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. മോഫിയ പര്‍വീണ്‍ എന്ന യുവതിയാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും അറസ്റ്റിലായിരുന്നു. പിന്നാലെ മോഫിയയുടെ ആത്മഹത്യ സംബന്ധിച്ച വിഷയയത്തില്‍ ആരോപണ വിധേയനായ ആലുവ സിഐയെ സസ്പെന്‍ഡ് ചെയ്തു.
ഈ നടപടിയില്‍ സന്തോഷമുണ്ടെന്ന് പ്രതികരിക്കുകയാണ് മോഫിയയുടെ പിതാവ് ദില്‍ഷാദ്. മുഖ്യമന്ത്രി പിണറായി വിജയനുമായി രാവിലെ സംസാരിച്ചപ്പോള്‍ തന്നെ വലിയ ആശ്വാസമായിരുന്നു. അദ്ദേഹം നടപടി ഉറപ്പ് നല്‍കിയിരുന്നു. അത് നടപ്പായി. സിഐക്ക് എതിരെ നടപടി എടുത്തു, ഇനി അദ്ദേഹത്തിന് എതിരെ നരഹത്യയ്ക്ക് കേസെടുക്കണം, മറ്റ് വിഷയങ്ങളില്‍ അന്വേഷണം നടത്തണമെന്നും ദില്‍ഷാദ് മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസം ഉണ്ടായിരുന്നു. സര്‍ക്കാരുണ്ട് ഒപ്പം, സര്‍ക്കാരിന് എതിരെ പോവേണ്ടതില്ലെന്നും ദില്‍ഷാദ് പ്രതികരിച്ചു.മുഖ്യമന്ത്രി പിണറായി വിജയന് മോഫിയയുടെ കുടുംബവുമായി ബന്ധപ്പെട്ടതിന് പിന്നാലെ ആയിരുന്നു സിഐയെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള തീരുമാനം ഉണ്ടായത്. സിഐക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
കൊച്ചി ഈസ്റ്റ് ട്രാഫിക് അസി. കമ്മീഷണര്‍ അന്വേഷിക്കും. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ഡിജിപിയുടെ നടപടി. യുവതിയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ സി ഐ സുധീറിന് ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നായിരുന്നു അന്വേഷണറിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.