തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും മഴ തുടരുകയാണ്. അതിനിടെ ലഘു മേഘ വിസ്ഫോടനങ്ങള്‍ ആവര്‍ത്തിക്കാമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് കാലാവസ്ഥ ഗവേഷര്‍. കേരള തീരത്ത് അസാധാരണ താപവ്യാപനമാണുള്ളത്. തീരം അതിതീവ്ര സംവഹനത്തിന്റെ പാതയിലാണെന്നും കാലാവസ്ഥാ ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
കുസാറ്റില്‍ അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ അമേരിക്കയിലെ ഫ്ലോറിഡ മിയാമി സര്‍വ്വകലാശാലയിലെ പ്രൊഫ. ബ്രയാന്‍ മേപ്സ് അവതരിപ്പിച്ച പ്രബന്ധത്തിലാണ് സുപ്രധാന നിരീക്ഷണം. അറബിക്കടല്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ താപനില 30ന് മുകളിലേക്ക് ഉയര്‍ന്നു.
തെക്കുകിഴക്കന്‍ അറബിക്കടലിന്റെ താപനില മറ്റു സമുദ്രങ്ങളിലേതിനെക്കാള്‍ ഒന്നര മടങ്ങ് വേഗത്തിലാണ് വര്‍ധിക്കുന്നത്. ഏറ്റവും അധികം ചുഴലിക്കാറ്റുകള്‍ ഉണ്ടാകുന്ന പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിന്റെ നിരക്കിനോട് തുല്യമാണിത്. ഇതുമൂലം കേരളതീരത്ത് അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങള്‍ ഉണ്ടാകാം.
2018 മുതല്‍ കേരളത്തില്‍ ഉണ്ടാകുന്ന പ്രളയത്തിനും ഉരുള്‍പൊട്ടലിനും കാരണമാകുന്ന ലഘു മേഘവിസ്ഫോടനം പോലെയുള്ള പ്രതിഭാസങ്ങള്‍ക്ക് കാരണം ഈ അധിക താപനമാണ്. മേഘക്കൂട്ടങ്ങള്‍ രൂപംകൊള്ളുകയും ചുരുങ്ങിയ സമയത്തിനുള്ളില്‍ തീവ്രമോ, അതിതീവ്രമോ ആയി മഴ പെയ്യുന്നതായും പ്രൊഫ. ബ്രയാന്‍ മേപ്സ് പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി.