പത്തനംതിട്ട : കേരളത്തില്‍ പലയിടത്തും കനത്തമഴ തുടരുകയാണ്. പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയില്‍ പമ്പാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നു. ഈ സാഹചര്യം കണക്കിലെടുക്ക് ശബരിമല തീര്‍ത്ഥാടനത്തിന് ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തി. ശബരിമലയില്‍ ഇന്ന് ഭക്തരെ പ്രവേശിപ്പിക്കില്ല.
പത്തനംതിട്ട ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ശബരിമലയിലേക്കും പമ്പയിലേക്കും നിലയ്ക്കലില്‍ നിന്ന് ഭക്തരെ കടത്തിവിടില്ല. പമ്പയിലും സന്നിധാനത്തും കനത്ത മഴ തുടരുന്നതും, പമ്പ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്.
തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് കളക്ടര്‍ അറിയിച്ചു. രാത്രി 11:40ഓടെയാണ് നിരോധനം ഏര്‍പ്പെടുത്തി കളക്ടറുടെ ഉത്തരവ് വന്നത്. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് ഏറ്റവും അടുത്ത അവസരം നല്‍കും. ഇന്നലെ വൈകീട്ട് പമ്പാ മണല്പ്പരപ്പിലേക്ക് വെള്ളം കയറിയിരുന്നു.
അതേസമയം ശബരിമല വനമേഖലയില്‍ ഇടവിട്ട് കനത്ത മഴ തുടരുകയാണ്. മണ്ഡലകാലം തുടങ്ങിയ ശേഷം ശബരിമല തീര്‍ത്ഥാടനത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നത് ഇത് ആദ്യമായിട്ടാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.