ചെങ്ങാലൂര്‍: പാചകവാതക സിലിണ്ടറുകള്‍ കയറ്റിയ ലോറി വൈദ്യുത പോസ്റ്റുകളിലിടിച്ചു. ഉടന്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനാല്‍ ഒഴിവായത് വന്‍ ദുരന്തം. രണ്ടാംകല്ലില്‍ വില്ലേജ് ഓഫിസിനു സമീപത്തുവെച്ചാണ് അപകടം. 15 പോസ്റ്റുകളാണ് അപകടത്തില്‍ തകര്‍ന്നത്.
അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. അതേസമയം, 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണു കെഎസ്ഇബിയുടെ കണക്ക്. പാചകവാതക ഏജന്‍സി ഗോഡൗണിലേക്കു നിറച്ച സിലിണ്ടറുകളുമായി എത്തിയ ലോറി വീതികുറഞ്ഞ വഴിയില്‍ വശംചേര്‍ത്ത് ഇടാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്.
പിറകോട്ടെടുക്കുന്നതിനിടെ വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയും വാഹനത്തിന്റെ മുകള്ഭാഗം വൈദ്യുത കമ്പിയില്‍ കുടുങ്ങുകയും ചെയ്തു. തീപ്പൊരി വീഴുന്നതുകണ്ട ഡ്രൈവര്‍ പരിഭ്രാന്തിയില്‍ വാഹനം മുന്നോട്ടെടുത്തപ്പോള്‍ കമ്പികള്‍ വലിഞ്ഞ്, ഒന്നിനുപിറകെ ഒന്നായി പോസ്റ്റുകള്‍ ഒടിഞ്ഞുവീഴുകയായിരുന്നു.
കുറ്റിക്കാടന്‍ ജോര്‍ജ്, ചെമ്പാലിപുറത്ത് സരോജ എന്നിവരുടെ മതിലുകള്‍ക്കു കേടുപറ്റി. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. വൈകിട്ടോടെ വൈദ്യുതബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചു.