തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് ജയില്‍ മോചിതയായി. എന്‍ഐഎ കേസില്‍ ജാമ്യം കിട്ടി നാലാം ദിവസമാണ് സ്വപ്നയുടെ മോചനം. സ്വര്‍ണക്കടത്ത് അടക്കം ആറു കേസുകളാണ് സ്വപ്നയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇന്നു രാവിലെ സ്വപ്നയുടെ അമ്മ പ്രഭാ സുരേഷ് അട്ടക്കുളങ്ങര ജയിലില്‍ എത്തി ജാമ്യ ഉത്തരവും മറ്റു രേഖകളും കൈമാറിയിരുന്നു.അമ്മയുടെ കൈ പിടിച്ച് ജയിലിനു പുറത്തേക്കു വന്ന സ്വപ്ന മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറഞ്ഞില്ല. എല്ലാം പിന്നെപ്പറയാം എന്നായിരുന്നു പ്രതികരണം.
ഒരു വര്‍ഷത്തിനും മൂന്നു മാസത്തിനും ശേഷമാണ് സ്വപ്നയുടെ മോചനം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപനയ്ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റംസിന്റെയും ഇഡിയുടെയും കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സ്വ്പനയുടെ കോഫെപോസ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തതോടെയാണ് ജയിലില്‍നിന്നു പുറത്തിറങ്ങാന്‍ സാഹചര്യമൊരുങ്ങിയത്.