ആലപ്പുഴ: മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വെച്ച ഫോര്‍മാലിന്‍ കലര്‍ത്തിയ 90 കിലോയോളം മീന്‍ പിടിച്ചെടുത്തു. ആലപ്പുഴയിലാണ് സംഭവം. നഗരസഭ ആരോഗ്യ വിഭാഗവും ഫിഷറീസും നടത്തിയ സംയുക്ത പരിശോധനയിലാണ് വഴിച്ചേരി മാര്‍ക്കറ്റില്‍ നിന്നും കേര, ചൂര വിഭാഗത്തില്‍പ്പെട്ട 80 കിലോ ഗ്രാമും ബാപ്പുവൈദ്യന് ജംഗ്ഷനിലെ രണ്ട് തട്ടില്‍ നിന്നും 10 കിലോ ഗ്രാം കിളിമീനും ഫോര്‍മാലിന്‍ കലര്‍ത്തിയ നിലയില്‍ കണ്ടെത്തിയത്.
പിടിച്ചെടുത്ത മത്സ്യം ബ്ലീച്ചിംഗ് പൗഡര്‍ വിതറി ഉപയോഗരഹിതമാക്കി കുഴിച്ചിട്ടു. മീനിന്റെ പഴക്കം ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിന്‍ കലര്‍ത്തിയതാണെന്ന് കണ്ടെത്തിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്. അനില്‍കുമാര്‍ ജെഎച്ച്ഐമാരായ ഷംസുദ്ദീന്, രഘു, അനീസ്, റിനോഷ് കൂടാതെ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ ജിഷാരാജ്, മീരാദേവി, ഫിഷറീസ് ഓഫീസര്‍ എം. ദീപു എന്നിവരാണ് പരിശോധന നടത്തിയത്.
പരിശോധനകള്‍ തുടരുമെന്നും ഇനി പിടിക്കപ്പെടുന്നവര്‍ക്കെതിരെ കോടതിയുടെ അനുവാദത്തോടെ ക്രിമിനല്‍ കേസെടുക്കുവാനും ഇത്തരക്കാരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ അധ്യക്ഷ സൗമ്യ രാജ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവര്‍ പറഞ്ഞു.