തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസം കേരളത്തില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്.
ഇതേ ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടാണ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത മണിക്കൂറില്‍ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറും. അതേസമയം ഇന്ത്യന്‍ തീരത്ത് നിന്ന് അകലെയായതിനാല്‍ കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് കരുതുന്നത്. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി മഴയ്ക്ക് കാരണമാകാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുകയാണ്.