കല്ല്യാണത്തിന് സ്വര്‍ണമോ പണമോ വേണ്ടെന്ന് വെച്ച് കേരളക്കരയ്ക്ക് ഒന്നടങ്കം മാതൃകയായിരിക്കുകയാണ് അനഘ, സച്ചിന് എന്നിവര്‍. താലിമാലയോ സിന്ദൂരമോ മറ്റു ബാധ്യതകളോ ഒന്നുമില്ലാതെ വിവാഹ ഉടമ്പടിയില്‍ ഒപ്പു വെച്ച ലളിതമായ ചടങ്ങോടെയാണ് ഇരുവരും ഒന്നിച്ചത്.
ഇപ്പോള്‍ അനഘയുടെയും സച്ചിന്റെയും വിവാഹത്തെക്കുറിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. യുക്തിവാദി പേജിലാണ് ഇരുവരുടെയും വിവാഹ വാര്‍ത്ത പുറത്തുവന്നത്. കൈപിടിച്ചുതരാനോ കുരവയിടാനോ സിന്ദൂരം ചാര്‍ത്താനോ വരണമാല്യം അണിയിക്കാനോ ആളുകളില്ല. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫോമിലെ പ്രസ്തുത കോളങ്ങളില്‍ രജിസ്ട്രാറുടെ സാന്നിധ്യത്തോടെ ഒപ്പുവെക്കുന്നതോടെ വിവാഹിതരാകുന്നു എന്നാണ് ഇരുവരും പറയുന്നത്.
ഫേസ്ബുക്ക് കുറിപ്പ്
ഒരു താലിയില്ലാ കല്യാണം
ഞങ്ങളൊരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്..
സ്വര്‍ണമോ താലിമാലയോ സിന്ദൂരമോ മറ്റു ബന്ധനങ്ങളോ ബാധ്യതകളോ ഒന്നുമില്ലാതെ, വളരെ ലളിതമായി രണ്ട് വ്യക്തികള്‍ വിവാഹ ഉടമ്പടിയില്‍ ഒപ്പുവെക്കുന്ന ചടങ്ങ്. ഇവിടെ കൈപിടിച്ചുതരാനോ കുരവയിടാനോ സിന്ദൂരം ചാര്‍ത്താനോ വരണമാല്യം അണിയിക്കാനോ ആളുകളില്ല.. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫോമിലെ പ്രസ്തുത കോളങ്ങളില്‍ രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ ഞങ്ങള്‍ ഒപ്പിടുന്നു, മംഗല്യം കഴിഞ്ഞു. നാട്ടില്‍ സാധാരണ കണ്ടുവരുന്ന കല്യാണ മഹാമഹങ്ങള്‍ കണ്ട് മനസ്സ് മടുത്തിട്ടും മനുഷ്യനാവശ്യമില്ലാത്ത ഒരു ആചാരങ്ങളും പിന്തുടരാന് ഉദ്ദേശമില്ലാത്തതിനാലും ഇതല്ല എന്റെ വഴി എന്ന് അന്നേ ഉറപ്പിച്ചിരുന്നു.
രണ്ട് മനുഷ്യര്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനു വിലങ്ങുതടിയായി എന്തൊക്കെ ആചാരങ്ങളും ബാധ്യതകളുമാണ് സമൂഹം കല്പ്പിച്ചു കൊടുത്തിരിക്കുന്നത്. താലിയും സിന്ദൂരവും എന്നു തുടങ്ങി, സ്ത്രീവിരുദ്ധ ആചാരങ്ങളുടെ ഘോഷയാത്രയാണ് കണ്മുന്നില് കാണുന്ന ഓരോ വിവാഹങ്ങളും. അങ്ങനെ വിവാഹിതരായവരെ ഞാന്‍ കുറ്റം പറയുന്നതല്ല, അതല്ലാതെ മറ്റൊരു ഓപ്ഷന് അവര്‍ക്കുമുന്നിലില്ലായിരുന്നു . കാരണം കാലങ്ങളായി വിവാഹം എന്നാല്‍ എങ്ങനെയായിരിക്കണം എന്നൊരു അലിഖിത നിയമമുണ്ട്.. മനുഷ്യനൊരു സാമൂഹിക ജീവി ആയതിനാലും റിസ്ക് എടുക്കാന്‍ ഇഷ്ടപ്പെടാത്തതിനാലും അതില്‍ നിന്നും മാറി നടക്കാന്‍ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നില്ല അല്ലെങ്കില്‍ സാധ്യമാവുന്നില്ല.
ഒളിച്ചോട്ടമായാലും സ്വാഭാവികവിവാഹമായാലും താലിയും സിന്ദൂരവും നിര്‍ബന്ധമാണ്. അതില്ലാത്തൊരു വിവാഹം ചിന്തിക്കാന്‍ പോലും പറ്റാത്തതും. കല്യാണമെന്ന നിലവിലെ രീതിയോട് യോജിക്കാതിരിക്കാന്‍ വേറെയും കാരണങ്ങളുണ്ട്.
സമ്പത്തുള്ളവനും സമ്പത്തില്ലാത്തവനും കല്യാണമെന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ഒരുത്സവമാണ്. അല്ലെങ്കില്‍ അങ്ങനെയാവണമെന്നു നിര്‍ബന്ധം പിടിക്കുന്നു. പണമുള്ളവന് തന്റെ സമ്പാദ്യത്തിലെ ഒരു ഭാഗം അതിനുവേണ്ടി മാറ്റിവെക്കുമ്പോള്‍ പണമില്ലാത്തവന് തന്റെ ജീവിത സമ്പാദ്യം വിറ്റു പെറുക്കിയും കടം വാങ്ങിയും കല്യാണ ഉത്സവം ഗംഭീരമാക്കുന്നു. നാട്ടുകാരും സുഹൃത്തുക്കളും ആഘോഷമാക്കുന്നു, ശേഷം പിരിഞ്ഞുപോവുന്നു. അതിനു ശേഷം വിവാഹം ഉണ്ടാക്കിയ പ്രാരാബ്ധം നികത്താന്‍ കഷ്ടപ്പെടുന്നു..
കല്യാണം ഒരിക്കലും ഒരു ബാധ്യത ആവരുതെന്ന ആഗ്രഹവും എനിക്കുണ്ടായിരുന്നു. ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ടതാണ് പറ്റിയ ഒരു ജീവിതപങ്കാളിയെ ലഭിക്കുകയെന്നത്.. സൗന്ദര്യവും സമ്പത്തും സ്വഭാവസവിശേഷതകള്‍ക്കുമൊക്കെ അപ്പുറം എന്റെ കാഴ്ചപ്പാടുകളുമായി ഒത്തുപോകുന്ന, ഇയാളുടെ കൂടെ ജീവിതം മനോഹരമായി (തട്ടിമുട്ടി അല്ല) കൊണ്ടുപോകാന്‍ പറ്റുമെന്ന് ഉറപ്പുള്ള, ഉറച്ച നിലപാടുകളുള്ള, സ്വന്തമായി വ്യക്തിത്വമുള്ള ഒരാളെ കണ്ടുപിടിക്കുകയെന്നത്..
സ്ത്രീ പുരുഷന്റെ അടിമയല്ലെന്നും ഭര്‍ത്താവിനുവേണ്ടി ജീവിച്ചു തീര്‍ക്കണ്ടതല്ല തന്റെ ജീവിതമെന്നും വിവാഹത്തിനുശേഷം അടുക്കളയില്‍ നിന്നുമല്ല പുതുജീവിതം തുടങ്ങുന്നതെന്നും ഉത്തമ ബോധ്യമുള്ള ഒരുവള്‍ മാത്രം കൂടെ ഉണ്ടായാല്‍ മതിയെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. സമൂഹവും കുടുംബവും എനിക്ക് പകര്‍ന്നു തന്നിട്ടുള്ള പുരുഷകേന്ദ്രീകൃത മനോഭാവത്തിന് അല്പസ്വല്പം ഇടിവൊക്കെ സംഭവിച്ചേക്കാമെന്നു അറിയാമെങ്കിലും എനിക്ക് എന്നെത്തന്നെ പരിഷ്കരിക്കാനുള്ള ഒരു അവസരമായിരിക്കുമത്.
അങ്ങനെയിരിക്കെയാണ് Anagha S Lachu വിനെ പരിചയപ്പെടുന്നതും ഇഷ്ടപ്പെടുന്നതും ജീവിതത്തില്‍ ഒരുമിച്ചു പോവാന്‍ തീരുമാനമെടുക്കുന്നതും. അവളുടെ കാഴ്ചപ്പാടുകള്‍ക്കും യോജിച്ച ഒരാളായിരുന്നിരിക്കാം ഞാന്‍.