തിരുവനന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളിലും അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യുനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. അറബികടലില്‍ ലക്ഷദ്വീപിനു സമീപം സ്ഥിതി ചെയ്യുന്ന ന്യുനമര്‍ദ്ദം നിലവില്‍ തെക്ക് കിഴക്കന്‍ അറബികടലിലും സമീപത്തുള്ള മധ്യ കിഴക്കന്‍ അറബികടലിലുമായി സ്ഥിതി ചെയ്യുന്നു.
വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുന മര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിക്കാനും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യുന മര്‍ദ്ദമായി മാറി ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാപ്രദേശ് തീരത്ത് ചക്രവാതചുഴി നിലനില്ക്കുന്നു.ചൊവ്വാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ പുതിയൊരു ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി വരുന്ന നാലുദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്.