തൃശൂര്‍: സ്വന്തം ജീവന് രാജ്യത്തിനായി ത്യജിച്ച മകന്റെ പെന്‍ഷനായി 21 വര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഒരമ്മ. 1996 സെപ്റ്റംബര്‍ 30ന് പൂഞ്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച മരിച്ച ബിഎസ്എഫ് ജവാന് തൃശൂര്‍ കാട്ടൂര്‍ സ്വദേശി പി എന്‍ വിനയകുമാറിന്റെ അമ്മ ഇന്ദിര മേനോനാണ് വര്‍ഷങ്ങളായി മകന്റെ പെന്‍ഷനായി ഓഫീസുകള്‍ കയറിയിറങ്ങുന്നത്.
തന്റെ 75ാം വയസ്സിലും ഏറെ പ്രതീക്ഷയോടെയാണ് ഈ അമ്മ പെന്‍ഷനായി കാത്തിരിക്കുന്നത്. വിനയകുമാര്‍ വീരമൃത്യ വരിച്ച് ആദ്യ നാല് വര്‍ഷം ഭാര്യ ഭാമയ്ക്കാണ് പെന്ഷന് ലഭിച്ചത്. എന്നാല്‍, 2000ത്തില്‍ ഭാമ മറ്റൊരു വിവാഹം കഴിച്ചതോടെ ഇന്ദിര മേനോന് പെന്ഷന് അര്‍ഹതയുണ്ടെന്ന് അറിയിച്ച് ബിഎസ്എഫ് ഓഫീസില്‍ നിന്ന് കത്ത് ലഭിച്ചു.
എന്നാല്‍, 21 വര്‍ഷമായി ഈ അമ്മ പെന്ഷന് ലഭിക്കുന്നതിനായി ബിഎസ്എഫിന്റെ ഓഫീസുകളിലേക്ക് അപേക്ഷകള്‍ അയച്ചു കൊണ്ടേയിരിക്കുകയാണ്. കൈനൂരിലെ ബിഎസ്എഫ് മേഖല ഓഫീസില്‍ നേരിട്ടെത്തി രേഖകളും കൈമാറി. പ്രധാനമന്ത്രി, ആഭ്യന്തര, പ്രതിരോധ മന്ത്രിമാര്‍ എന്നിവര്‍ക്ക് അടക്കം ഒട്ടേറെ കത്തുകള്‍ അയച്ചെങ്കിലും ഇതുവരെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല.
ഇപ്പോഴും നല്കിയ രേഖകള്‍ വീണ്ടും ആവശ്യപ്പെട്ട് ബിഎസ്എഫ് ഓഫീസില്‍ നിന്ന് കത്തുകള്‍ വരുന്നതല്ലാതെ മറ്റ് നടപടികള്‍ ഒന്നുമായില്ല. അഡ്വ. കെ ജി സതീശന് മുഖേനെ ബിഎസ്എഫ് ഓഫീസിലേക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അങ്ങനെ മൂന്ന് മാസം മുന്‍പ് 10,850 രൂപ പെന്ഷന് അനുവദിച്ചതായി അറിയിച്ച് കത്ത് വന്നു.
എന്നാല്‍ ഇതുവരെ പെന്ഷന് ലഭിച്ചില്ല. മകന്റെ വീരമൃത്യുവിനുളള അംഗീകാരമായെങ്കിലും മരിക്കും മുമ്പ് ഒറ്റ തവണയെങ്കിലും പെന്ഷന് ലഭിക്കണമെന്നാണ് ഈ അമ്മയുടെ ആഗ്രഹം. ഇതിനായി കാത്തിക്കുകയാണ്.