കണ്ണൂര്‍: പനിബാധിച്ച് പതിനൊന്നുകാരി ചികിത്സകിട്ടാതെ മരിച്ച സംഭവത്തില്‍ ബന്ധുവിനെയും പുരോഹിതനെയും ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. കണ്ണൂരിലാണ് സംഭവം. നാലുവയലിലെ ദാരുല്‍ ഹിദായത്ത് വീട്ടില്‍ സത്താറിന്റേയും സാബിറയുടേയും ഇളയമകളായിരുന്നു 11 കാരിയായ ഫാത്തിമയാണ് മരിച്ചത്.
മതവിശ്വാസത്തിന്റെ പേരില്‍ കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഫാത്തിമ മരിച്ചത്. പനി ബാധിച്ച ഫാത്തിമയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ‘ജപിച്ച് ഊതല്‍’ നടത്തിയെന്നാണ് പോലീസ് സ്ഥിരീകരിച്ചത്.
ഈ കേസില്‍ പുരോഹിതനെയും കുട്ടിയുടെ അടുത്ത ബന്ധുവിനെയും പ്രതിചേര്‍ക്കും. പിന്നാലെ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന മരണങ്ങളെക്കുറിച്ചും പോലീസ് വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച ഫാത്തിമയ്ക്ക് ചികില്‍സ നല്‍കാതെ ജപിച്ച് ഊതല്‍ നടത്തുകയായിരുന്നു.
ഞായറാഴ്ച ഉറങ്ങാന്‍ കിടന്ന കുട്ടിക്ക് പിന്നീട് അനക്കമില്ലാതെയായി. തുടര്‍ന്നാണ് രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അസ്വഭാവിക മരണത്തിന് പോലീസ് അന്ന് തന്നെ കേസ് എടുത്തിരുന്നു. പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ ശ്വാസ കോശത്തിലെ അണുബാധയാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്നാണ് കുട്ടിക്ക് ചികിത്സ നിഷേധിച്ചതിന് പോലീസ് കേസെടുത്തത്.