തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്ന് എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി എറണാകുളം കോഴിക്കോട് വയനാട് ജില്ലകളില്‍ വ്യാപകമായ മഴ കിട്ടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുമാണ്. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കന്യാകുമാരിക്ക് സമീപം സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ ഞായറാഴ്ചവരെ മഴ തുടര്‍ന്നേക്കും.
ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ വരെ മീന്‍പിടിത്തം വിലക്കി. ശനിയാഴ്ച വരെ ഇടി മിന്നലൊടു കൂടിയ ഒറ്റപ്പെട്ട മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.