തലയോലപ്പറമ്പ്: കോട്ടയത്ത് പെട്രോൾ പമ്പിൽ അളവിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്നു പമ്പ് അടച്ചുപൂട്ടിച്ചു. വടയാർ പൊട്ടൻചിറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിലിന്റെ പമ്പ് ലീഗൽ മെട്രോളജി അധികൃതർ പൂട്ടിക്കുകയായിരുന്നു.
ബ്രഹ്മമംഗലം തെക്കേ കളപ്പുരയ്ക്കൽ ഷിജു പെട്രോൾ അടിച്ചപ്പോൾ അളവിൽ കുറവു തോന്നിയതോടെയാണ് കുപ്പിയിൽ പെട്രോൾ വാങ്ങി പരിശോധിച്ചത്. ഇതിൽ അളവു കുറവാണെന്നു മനസ്സിലായതോടെ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇവിടെ നിന്നു ലീഗൽ മെട്രോളജി ഓഫീസിനെ അറിയിച്ചതിനെത്തുടർന്നു ഡപ്യൂട്ടി കൺട്രോളറായ ഇപി അനിൽ, എം തസിയ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പെട്രോളിന്റെ അളവിൽ കുറവു കണ്ടെത്തി. തുടർന്നാണു പമ്പ് അടപ്പിച്ചത്. കേസ് റജിസ്റ്റർ ചെയ്തതായി അധികൃതർ പറഞ്ഞു.