കോട്ടയം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച നടന് ജോജു ജോര്‍ജിനെ പൂര്‍ണമായും തള്ളി പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും ജനപക്ഷം സര്‍ക്കുലര്‍ സംസ്ഥാന ചെയര്‍മാനുമായ പിസി ജോര്‍ജ് രംഗത്ത്. കലാകാരന്മാര് ആണെങ്കില്‍ എന്ത് ഊളത്തരവും കാണിക്കാന്‍ പറ്റില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെ ഭയപ്പെടുത്താതെ കാര്യം നടക്കില്ല എന്ന് പി.സി. ജോര്‍ജ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യം നിലനില്‍ക്കുന്നത് പ്രതിഷേധങ്ങളിലൂടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനകീയ പ്രക്ഷോഭങ്ങളോട് സഹകരിക്കാനുള്ള മനോഭാവമാണ് കേരളത്തിലെ ജനങ്ങള്‍ കാണിക്കേണ്ടത് എന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.
ഓട്ടോറിക്ഷയില്‍ വയോധിക ഉണ്ടായിരുന്നെങ്കില്‍ അവരുമായി ചെന്നാല്‍ സമരക്കാര്‍ കടത്തിവിടില്ലേ എന്ന് പി.സി. ജോര്‍ജ് ചോദിച്ചു. ഷൈന്‍ ചെയ്യാനാണ് ഓരോരുത്തര് ഇറങ്ങിയിരിക്കുന്നത് എന്നുപറഞ്ഞ് ജോജു ജോര്‍ജിനെ പൂര്‍ണമായും കുറ്റപ്പെടുത്തുകയാണ് പി.സി. ജോര്‍ജ്.
ജോജു പണ്ട് കള്ളുകുടിയന് ആയിരുന്നു എന്നും പി.സി. ജോര്‍ജ് ആരോപിച്ചു. അതുകൊണ്ടാണ് ആരോപണം ഉണ്ടായത് എന്നുപറഞ്ഞ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധങ്ങളെ പി.സി. ജോര്‍ജ് വ്യാഖ്യാനിച്ചു. അയാളുടെ കോലം കണ്ടാല്‍ കള്ളുകുടിച്ചു എന്ന് തോന്നുന്നു എന്നും പി.സി. ജോര്‍ജ് പറയുന്നു.