പന്തളം: ഇരട്ട സഹോദരിമാര്‍ക്ക് താലി ചാര്‍ത്താനൊരുങ്ങി ഇരട്ട സഹോദരന്മാര്. പത്തനംതിട്ടയിലാണ് ഈ ഇരട്ടി സന്തോഷമുള്ള വിവാഹം. ഇരട്ട പിറന്ന രാധികയ്ക്കും ഗോപികയ്ക്കുമാണ് ഇരട്ട സഹോദരങ്ങളായ സുബാഷ് ബോസും സുബീഷ് ബോസും താലി ചാര്‍ത്തുക.
ശനിയാഴ്ചയാണ് രാധിയുടെയും ഗോപികയുടെയും മാംഗല്യം. മഹാദേവര്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ 10.46നും 11.15നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ രാധികയുടെ വിവാഹം നടക്കും. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ഗോപികയുടെ വിവാഹമുഹൂര്‍ത്തം. മുടിയൂര്‍ക്കോണം ചേരിക്കല്‍ പുത്തന്കുറ്റിയിലെ വധൂഗൃഹത്തില്‍ ഇരട്ടി സന്തോഷത്തിലാണ് മാതാപിതാക്കളായ പി.എന്‍.വിവേകാനന്ദനും(മധു) ഗീതാകുമാരിയും.
കേരള സര്‍വകലാശാല ഫിഷറീസ് ആന്‍ഡ് സോഷ്യല്‍ സ്റ്റഡീസില്‍ മറൈന്‍ മൈക്രോ ബയോളജി വിദ്യാര്‍ഥികളായിരുന്നു രാധികയും ഗോപികയും. ഇരുവരും ഫസ്റ്റ് ക്ലാസോടെ പരീക്ഷ പാസായത് സെപ്റ്റംബര്‍ അവസാനമാണ്. പരീക്ഷാ വിജയത്തിന്റെ സന്തോഷത്തിനു പിന്നാലെയാണ് ഇരുവരുടെയും വിവാഹവും.
ആങ്ങമൂഴി കരിമ്പില്‍ വീട്ടില്‍ കെ.എം.ബോസിന്റെയും ശശികലയുടെയും മക്കളാണ് സുബാഷും സുബീഷും. വെബ് ഡിസൈനിങ്, മാര്‍ക്കറ്റിങ് മേഖലയില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ് ഇരുവരും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു വിവാഹനിശ്ചയവും നടത്തിയിരുന്നു.