തൃശ്ശൂര്‍: വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം വധു കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി. തൃശ്ശൂരിലാണ് സംഭവം. ഭാര്യയെ കാണാതായതിനെ തുടര്‍ന്ന് നവവരന് ഹൃദയാഘാതം മൂലം ആശുപത്രിയിലായി. പഴുവില്‍ സ്വദേശിയായ യുവതിയാണ് സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങിയത്.
ഹൃദയാഘാതത്തേ തുടര്‍ന്ന് ആശുപത്രിയിലായ നവവരന് അപകടനില തരണം ചെയ്തതിട്ടുണ്ട്. ഒക്ടോബര്‍ 25 നായിരുന്നു യുവതിയുടെയും ചാവക്കാട് സ്വദേശിയായ യുവാവിന്റെയും വിവാഹം. എന്നാല്‍ തൊട്ടടുത്ത ദിവസം ഭര്‍ത്താവുമായി ബാങ്കിലെത്തിയ യുവതി ബാങ്കില്‍ നിന്നും ഇറങ്ങിയ ശേഷം കൂട്ടുകാരിക്കൊപ്പം സ്ക്കൂട്ടറില്‍ കയറി പോവുകയായിരുന്നു.
ഭര്‍ത്താവിന്റെ ഫോണ്‍ വാങ്ങി ഉടന്‍ വരാമെന്ന് പറഞ്ഞാണ് യുവതി പോയത്. എന്നാല്‍ വൈകുന്നേരം വരെ കാത്തിരുന്നിട്ടും യുവതി വരാതായതോടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്കി. ഒടുവില്‍ മധുരയില്‍ നിന്നാണ് യുവതികളെ പൊലീസ് കണ്ടെത്തിയത്.
മധുരയിലെത്തി ലോഡ്ജില്‍ മുറിയെടുത്തു താമസിച്ച ഇരുവരും പണം നല്‍കാതെ മുങ്ങുകയായിരുന്നു. ഒടുവില്‍ മുറിയെടുക്കാനായി നല്കിയ ലൈസന്‍സിലെ നമ്പറില്‍ ബന്ധപ്പെട്ടതോടെയാണ് പൊലീസിന് തുമ്പ് ലഭിച്ചത്.യുവതിയുടെ കൂട്ടുകാരിയും വിവാഹം കഴിഞ്ഞ് 16 ാം ദിവസം ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞുകഴിയുകയായിരുന്നു.
സ്വതന്ത്രമായി ജീവിക്കാനാണ് നാടുവിട്ടതെന്ന് യുവതികള്‍ പറയുന്നു. പണവും സ്വര്‍ണവും വേണ്ടതിനാലാണ് യുവതികള്‍ വിവാഹം കഴിച്ചത്. ഇവരില്‍ നിന്ന് പതിനൊന്നര പവന് സ്വര്‍ണം പൊലീസ് കണ്ടെടുത്തു. പെണ്‍കുട്ടികളെ കോടതിയില്‍ ഹാജരാക്കിയശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.