കൊല്ലം: ഉറ്റസുഹൃത്തുക്കള്‍ ഷോക്കേറ്റ് മരിച്ചു. കല്‍ച്ചിറ ചെറുകടവില്‍ ഉല്ലാസത്തിനായി എത്തിയ അഞ്ചംഗ സുഹൃദ്സംഘത്തിലെ രണ്ടുപേരാണ് മരിച്ചത്. ടികെഎം എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളായ അര്‍ജുനും റിസ്വാനുമാണ് ഷോക്കേറ്റ് മരിച്ചത്.
പുഴക്കടവിലേക്ക് ഇറങ്ങുന്നതിനിടെ വാക്കനാട് കല്‍ച്ചിറ പള്ളിക്കുസമീപം ആറ്റിലേക്കുള്ള പടവില്‍ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍ അബദ്ധത്തില്‍ പിടിച്ചാണ് റിസാനും അര്‍ജുനും പിടഞ്ഞുമരിച്ചത്. മരിച്ച വിദ്യാര്‍ഥികളടക്കമുള്ള അഞ്ചുപേരും നെടുമണ്‍കാവ് ജങ്ഷനില്‍നിന്ന് സുരേഷിന്റെ ഓട്ടോയിലാണ് കല്‍ച്ചിറയില്‍ എത്തിയത്.
ഉറ്റസുഹൃത്തുക്കള്‍ മരണത്തിലേക്ക് നടന്നുനീങ്ങിയതിന്റെ ഞെട്ടലില്‍ നിന്നും ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികളും ദൃക്സാക്ഷിയായ സുരേഷും മുക്തരായിട്ടില്ല. കണ്മുന്നില് രണ്ടു വിദ്യാര്‍ത്ഥികള്‍ പിടഞ്ഞുമരിക്കുന്നത്, നിസ്സഹായനായി കണ്ടുനില്‍ക്കേണ്ടിവന്ന ദുഃഖത്തിലാണ് ഓട്ടോ ഡ്രൈവര്‍ ഏറ്റുവായ്ക്കോട് ഗോപികയില്‍ സുരേഷ്.
‘ആറ്റില്‍ വെള്ളം നിറഞ്ഞുകിടക്കുകയാണ്. ഇറങ്ങരുതെന്ന് ഞാന്‍ കുട്ടിളോട് പറഞ്ഞു. ‘ഇല്ല ഫോട്ടോയെടുത്തിട്ട് തിരികെക്കയറാമെന്ന് അവര്‍ പറഞ്ഞു’-സുരേഷ് ഓര്‍ത്തടുക്കുന്നു. കാടുമൂടിക്കിടന്ന ഭാഗത്ത് സ്റ്റേ കമ്പിയാണെന്ന് തെറ്റിദ്ധരിച്ച് റിസ്വാന് പിടിച്ചതാകാമെന്ന് സുരേഷ് സംശയിക്കുന്നു. ഉടന്‍തന്നെ അര്ജുന് വട്ടക്കമ്പ് ഒടിച്ച് കൈവിടുവിക്കാന്‍ ശ്രമിച്ചു. എന്നാല്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. ആ വെപ്രാളത്തിനിടെ കരഞ്ഞുപറഞ്ഞുകൊണ്ട് അര്ജുന് റിസ്വാനെ കടന്നുപിടിക്കുകയായിരുന്നു. കൂട്ടുകാരനോടുള്ള സ്നേഹത്തില്‍ അര്ജുന് മരണത്തിലേക്കു വീണതാണെന്ന് സുരേഷ് പറയുന്നു.
‘രണ്ടുകുട്ടികള്‍ കണ്മുന്നില് പിടഞ്ഞുമരിക്കുന്നത് കണ്ടുനില്ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. വെള്ളത്തില്‍ വീണതാണെങ്കില്‍ കൂടെച്ചാടി രക്ഷിക്കാമായിരുന്നു. ഇത് ഒന്നുംചെയ്യാന്‍ കഴിയില്ലല്ലോ.’-സുരേഷിന്റെ വാക്കുകള്‍ ഇടറി.