കൊല്ലം : ചടയമംഗലത്ത് 80 കാരിയുടെ മരണത്തില്‍ മകന് അറസ്റ്റില്‍. മണിയന് മുക്ക് സ്വദേശിനിയായ അമ്മുക്കുട്ടി അമ്മയുടെ മരണത്തിലാണ് മകന് അനി മോഹന്‍ എന്ന അനീഫ് മുഹമ്മദ് അറസ്റ്റിലായത്. അനി മോഹന്‍ അമ്മയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മൊബൈല്‍ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് അറസ്റ്റ്. മര്‍ദ്ദനമേറ്റ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമ്മുക്കുട്ടി അമ്മയെ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ പിറ്റേദിവസം തന്നെ ഡിസ്ചാര്‍ജ് വാങ്ങി കൊണ്ടുവന്നു. ശേഷം അമ്മ പൂര്‍ണമായും കിടപ്പിലായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. തുടര്‍ന്ന് കഴിഞ്ഞദിവസമാണ് അമ്മുകുട്ടി അമ്മ മരണപ്പെട്ടത്. എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മാസങ്ങള്‍ക്കുമുമ്പ് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു.
അമ്മുക്കുട്ടി അമ്മയെ മകന് സ്ഥിരമായി മര്‍ദ്ദിക്കുമായിരുന്നു എന്നും, ജോലിക്ക് പോകുമ്പോള്‍ അമ്മയെ വീട്ടില്‍ അടച്ചിടുമായിരുന്നു എന്നും അയല്‍വാസികള്‍ മൊഴി നല്കി. അമ്മ ആഹാരം കഴിക്കാത്തതിനാല്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. മനപ്പൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ് അറസ്റ്റ്.