തിരുവനന്തപുരം: കേരളത്തിലെ നാല് ജില്ലകളുടെ സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലെ സ്ഥിതിയാണ് അതീവ ഗുരുതരം. ഈ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ ഒറ്റപ്പെട്ടു കഴിയുകയാണ്. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഇന്നത്തെ കണക്ക് അനുസരിച്ച് 52856 കുടുംബങ്ങളിലുള്ള 223000 പേര് 1568 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. നിലവിലുള്ള കണക്ക് അനുസരിച്ച് 164 പേരാണ് മരണപ്പെട്ടിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് രാവിലെ തന്നെ ഹെലികോപ്റ്ററുകള്‍ രംഗത്തുണ്ട്. ചാലക്കുടി മൂന്ന്, എറണാകുളം അഞ്ച് പത്തനംതിട്ട ഒന്ന്, ആലപ്പുഴ ഒന്ന് എന്ന രീതിയില്‍ ഹെലികോപ്റ്ററുകള്‍ രാവിലെ തന്നെ എത്തി. ആലപ്പുഴയിലും പത്തനംതിട്ടയിലും രണ്ട് ഹെലികോപ്റ്ററുകള്‍ വീതം എത്തിച്ചേരുകയും ചെയ്യും എന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് ഒഴികെ ഉള്ള എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യപിച്ചു. കാസര്‍ഗോഡ് ഓറഞ്ച് അലര്‍ട്ടാണ് ഉള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി. എറണാകുളം ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. അതേ സമയം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മറ്റ് മേഖലകളിലേക്ക് മാറിയതായും റിപ്പോര്‍ട്ടുണ്ട്.
വിവിധ ജില്ലകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. മത്സ്യതൊഴിലാളികളും അവരുടെ രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.