ബസ്സില്‍ യാത്ര ചെയ്യവെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ കൈയ്യോടെ പൊക്കി നിലത്തിട്ടടിച്ച് യുവതി. ബ്രസിലിലെ ബെലെമിയില് നിന്നുള്ള ഈ വാര്‍ത്ത ഡെയ്ലി മെയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബസ്സില്‍ ഒപ്പമുള്ള യാത്രക്കാരാണ് ഇതിന്റെ വിഡിയോ എടുത്ത് പ്രചരിപ്പിച്ചത്.
ഈ മാസം 20നായിരുന്നു സംഭവം. ബസ്സില്‍ നല്ല തിരക്കുണ്ടായിരുന്നു. ജിമ്മില്‍ പോയി മടങ്ങുകയായിരുന്ന യുവതിയുടെ ശരീരത്തില്‍ യുവാവ് കയറിപ്പിടിക്കുകയായിരുന്നു. പെട്ടെന്ന് യുവതി പ്രതികരിച്ചു. ഇയാളുടെ കഴുത്തിന് കുത്തിപ്പിടിച്ച ശേഷം ബസിന്റെ തറയിലേക്ക് ഇട്ടു.
പിന്നീട് മൂക്കിലേക്ക് പലതവണ ആഞ്ഞിടിച്ചു. യുവതിയുടെ കരുത്തിന് മുന്നില്‍ ഒന്ന് അനങ്ങാന്‍ പോലുമാകാതെ ഇയാള്‍ നിലവിളിച്ചു. യുവതി ബസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും അക്രമിയെ പൊലീസിന് കൈമാറുകയും ചെയ്തു.
ആയോധനകലകളില്‍ ഏറെ പരിചയമുള്ള യുവതിയെയാണ് ഇയാള്‍ ബസിനുള്ളില്‍ വച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ബലാല്‍സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.