കണ്ണൂര്‍: പഴക്കുല കിട്ടാന്‍ വൈകിയതുകൊണ്ട് ഇടഞ്ഞ് കൊമ്പന് ഗണപതി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്ന് തിരികെ കൊട്ടിലിലേക്ക് കൊണ്ടു പോകുമ്പോഴാണ് ആന ഇടഞ്ഞത്. കര്‍ണാടക മുഖ്യമന്ത്രി ആയിരുന്ന യെഡിയൂരപ്പ നടയിരുത്തിയ ആനയാണ് ഗണപതി.
ഒന്‍പത് വയസുള്ളപ്പോഴാണ് ഗണപതിയെ യെഡിയൂരപ്പ ക്ഷേത്രത്തില്‍ നടയിരുത്തിയത്. ദേവസ്വം ഓഫീസിന് സമീപത്ത് എത്തിയാല്‍ ഓഫീസിലുള്ളവര്‍ ഗണപതിക്ക് പതിവായി പഴക്കുല നല്‍കാറുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ ഗണപതിക്ക് പഴക്കുല കിട്ടിയില്ല.
കുറച്ച് നേരം കാത്ത് നിന്ന് ക്ഷമ കെട്ടതോടെ സമീപമുണ്ടായിരുന്ന ചെരിപ്പ് സ്റ്റാന്‍ഡ് വലിച്ചിട്ട് നടന്നു. ഈ സമയം പാപ്പാനായ സുധി ആനയുടെ പുറത്ത് തന്നെയുണ്ടായിരുന്നു. ഉടന്‍ തന്നെ മറ്റു പാപ്പാന്മാരും ചേര്‍ന്ന് ഗണപതിയെ നിയന്ത്രിച്ച് ക്ഷേത്രത്തിന് മുന്‍പിലുള്ള സ്റ്റേജിന് മുകളില്‍ കയറ്റി തളച്ചു.
കാര്യത്തിന്റെ ഗൗര മനസിലാക്കിയ ദേവസ്വം ഓഫീസ് ജീവനക്കാര്‍ വേഗത്തിലെത്തി പഴക്കുല നല്കി. ഇതോടെയാണ് ഗണപതി ശാന്തനായത്.