തൊടുപുഴ : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. നിലവില്‍ ജലനിരപ്പ് 138 അടി കടന്നിരിക്കുകയാണ്. അണക്കെട്ടിലെ നീരൊഴുക്ക് കൂടിയതോടെ 138.05 അടിയായി ഉയര്‍ന്നിരിക്കുകയാണ് ജലനിരപ്പ്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ജലനിരപ്പ് 138 അടി കടന്നത്.
ജലനിരപ്പ് ക്രമപ്പെടുത്താനായി അണക്കെട്ട് നാളെ തുറക്കുമെന്ന് തമിഴ്നാട് കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. ജലനിരപ്പ് ഉയര്‍ന്നതോടെ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
സെക്കന്‍ഡില്‍ ഒഴുകിയെത്തുന്നത് 5800 ഘനയടി വെള്ളമാണ്. ഇതില്‍ 2300 ഘനയടി വെള്ളം തമിഴ്നാട് ഇപ്പോള്‍ കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് തുറക്കുമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിരിക്കുന്നത്.
അതേസമയം, ഡാം തുറക്കുന്നതിന് കേരളം സജ്ജമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. ഡാം തുറക്കുന്നതിന് മുമ്പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനിടെ, തുലാവര്‍ഷം ശക്തമാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ മുല്ലപ്പെരിയാറിന്റെ 27 കിലോമീറ്റര്‍ ചുറ്റളവില്‍ 20 ക്യാമ്പുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി റവന്യൂ മന്ത്രി കെ രാജന് അറിയിച്ചു.