ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന കാര്യം 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് ഇടുക്കി കലക്ടര്‍ ഷീബ ജോര്‍ജ്. ഡാം തുറന്നാല്‍ 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്നും എന്നാല്‍ അത്തരമൊരു സാഹചര്യമുണ്ടായാല്‍ അതിനുള്ള മുന്നൊരുക്കങ്ങള്‍ ചെയ്തതായും കലക്ടര്‍ പറഞ്ഞു.
ഡാം തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ഇടുക്കി വണ്ടിപ്പെരിയാറില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് കലക്ടര്‍ മാധ്യമങ്ങളെ കണ്ടത്. അതേസമയം, 2018ലേതുപോലുള്ള സാഹചര്യം ഇപ്പോഴില്ലെന്നും കലക്ടര്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാമില്‍ 137.6 അടി വെള്ളമാണ് ഉള്ളത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇപ്പോള്‍ മഴയുടെ ലഭ്യതയില്‍ കുറവുണ്ടായതായും കലക്ടര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.
വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പെരിയാര്‍ തീരത്തെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.കേരള -തമിഴ്നാട് സര്‍ക്കാരുകളുടെ ഉന്നതതല അടിയന്തിര യോഗം വൈകിട്ട് മൂന്നിന് നടക്കും.