തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 136.95 അടിയാണ് ഇപ്പോഴത്തെ ജല നിരപ്പ്. പകല്‍ നീരൊഴുക്ക് കുറഞ്ഞെങ്കിലും വൈകീട്ടോടെ കാടിനുള്ളില്‍ പെയ്ത മഴയാണ് ജല നിരപ്പ് വീണ്ടും കൂടാന്‍ കാരണം.
ജലനിരപ്പ് 138 അടിയിലെത്തിയാല്‍ രണ്ടാമത്തെ അറിയിപ്പ് നല്‍കും. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കില്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയും റവന്യു സംഘവും സംയുക്തമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ ബോധവത്കരണമടക്കമുള്ള പരിപാടികള്‍ നടത്തിയിട്ടുണ്ട്. പെരിയാര്‍ തീരത്തുള്ളവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായിരുന്നു നടപടി.
2018ലേതിന് സമാനമായ സാഹചര്യം നിലവിലില്ല. കുറഞ്ഞ അളവില്‍ അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ കുറച്ച് പേരെ മാത്രമാണ് മാറ്റിപ്പാര്‍ക്കേണ്ടി വരിക. ഇവരുടെ പട്ടിക തയ്യാറാക്കി, മാറ്റുന്നതിന് ആവശ്യമായ വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ദുരിതാശ്വാസ ക്യാമ്പുകളും കണ്ടെത്തിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.