തൊടുപുഴ: അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയര്‍ന്നു. 136.8 അടിയാണ് നിലവിലെ ജലനിരപ്പ്. 5650 ഘനയടി വെള്ളമാണ് നിലവില്‍ ഓരോ സെക്കന്റിലും ഡാമിലേക്ക് ഒഴുകിയെത്തുന്നത്.
142 അടിയാണ് ഡാമിന് താങ്ങാവുന്ന പരമാവധി സംഭരണ ശേഷി. ഇന്നലെ ജലനിരപ്പ് 136 അടിയായപ്പോള്‍ തമിഴ്നാട് ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചു. 138 അടിയില്‍ എത്തിയാല്‍ രണ്ടാമത്തെ അറിയിപ്പും 140 അടിയില്‍ ആദ്യ ജാഗ്രതാ നിര്‍ദേശവും നല്‍കും.
ജലനിരപ്പ് 142 അടി എത്തിയതിനു ശേഷമേ വെള്ളം പെരിയാറിലേക്കു തുറന്നുവിടാന്‍ സാധ്യതയുള്ളൂ. ജലനിരപ്പ് 136ല്‍ എത്തുമ്പോള്‍ മുതല്‍ നിയന്ത്രിത തോതില്‍ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തമിഴ്നാട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
പെരിയാറിന്റെ തീരങ്ങളില്‍ കേരള സര്‍ക്കാര്‍ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ് 2398.26 അടിയാണ്. ഡാമിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ രണ്ട് ഷട്ടറുകള്‍ അടച്ചിരുന്നു. ഇപ്പോള്‍ ഒരു ഷട്ടറിലൂടെ സെക്കന്റില്‍ നാല്‍പ്പതിനായിരം ലിറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്.