എപ്പോള്‍ വെണമെങ്കിലും നിലംപൊത്താനായി നില്ക്കുന്ന കൂരയില്‍ പേടിയോടെയാണ് കൂലിപ്പണിക്കാരായ അച്ഛനും അമ്മയും രണ്ട് മക്കളും കഴിയുന്നത്. അടച്ചുറപ്പുള്ള വീട്ടില്‍ കുറച്ചുനാളെങ്കിലും ആശ്വാസത്തോടെ ഉറങ്ങണമെന്ന ആഗ്രഹം മാത്രമാണ് ഇപ്പോള്‍ ദിലീപിനും സിന്ധുവിനും മക്കളായ ദൃശ്യയ്ക്കും ദര്ശനയ്ക്കും.
വയനാട് പുല്പള്ളിയിലെ വനാതിര്‍ത്തിയിലാണ് ദിലീപും കുടുംബവും താമസിക്കുന്നത്. തങ്ങളുടെ മുഴുവന്‍ സമ്പാദ്യവും ഉപയോഗിച്ച് പുല്പള്ളി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍പ്പെട്ട പ്രഭാത് കവലയില്‍ സിന്ധുവും ദിലീപും വാങ്ങിയ പത്ത് സെന്റ് ഭൂമിയില്‍ നാല് ചുമരിന്റെ സുരക്ഷിതത്വമുണ്ടാകാന്‍ വേണ്ടി ഈ കുടുംബം മുട്ടാത്ത വാതിലുകളില്ല.
എന്നാല്‍ ഫലമൊന്നുമുണ്ടായില്ല. കഴിഞ്ഞ പ്രളയകാലത്ത് വനംവകുപ്പില്‍നിന്ന് അന്‍പതിനായിരം രൂപ അനുവദിച്ച് കിട്ടിയപ്പോള്‍ പണിത ശുചിമുറിയാണ് ഇവര്‍ക്ക് അടച്ചുറപ്പുള്ള ഏക ഇടം. അതുകൊണ്ട് മഴ ശക്തമാകുമ്പോള്‍ മുതല്‍ ഇടയ്ക്കിടെ കാടിറങ്ങാറുള്ള കൊമ്പന്മാരില്നിന്നുവരെ രക്ഷനേടാന്‍ കുടുംബം കഴിയുന്നത് ആ ശുചിമുറിയിലാണ്.
പ്രയാസങ്ങളും പ്രതിസന്ധികളുണ്ടെങ്കിലും പഠിക്കാന്‍ മിടുക്കരാണ് ദൃശ്യയും ദര്‍ശനയും. പത്താം ക്ലാസ് മികച്ച വിജയത്തോടെ പാസായ ദൃശ്യയ്ക്ക് പുല്പള്ളിയിലെ ഏറ്റവും പ്രധാന സ്കൂളില്‍ തന്നെ പ്ലസ് വണ്ണിന് അഡ്മിഷനും കിട്ടി. അനുജത്തി ദര്‍ശന ഇക്കുറി പത്താംതരത്തിലാണ്.
അന്നന്നത്തെക്കുള്ളത് അധ്വാനിച്ചുണ്ടാക്കുന്നുണ്ട് ഈ മാതാപിതാക്കള്‍. അതില്‍ കൂടുതല്‍ സമ്പാദിക്കാനും അടച്ചുറപ്പുള്ള വീടുപണിയാനും ഇവര്‍ക്ക് കഴിയുന്നില്ല. പെരുംമഴയത്ത് പെണ്മക്കള്ക്ക് ശുചിമുറിയിലെ ഭയത്തിന് പകരം കിടപ്പുമുറിയുടെ സുരക്ഷിതത്വമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ മാതാപിതാക്കള്‍.