പാലക്കാട്: ഒറ്റ മുറിയിലെ ആരുമറിയാതെയുള്ള ജീവിതത്തിന് വിരാമമിട്ട് പുറത്തു വന്ന റഹ്മാനും സജിതയും നിയമപരമായി വിവാഹിതരായി. പത്ത് വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞതിന് പിന്നാലെയാണ് അയിലൂര്‍ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്മാനും, സജിതയും സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരായത്.
സെപ്റ്റംബര്‍ 15 നാണ് ഇരുവരും വിവാഹിതരാകുന്നതിനായി നെന്മാറ സബ്ബ് രജിസ്ട്രാര്‍ മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയില്‍ ആക്ഷേപങ്ങളൊന്നും ലഭിക്കാത്തതിനാല്‍ ഇരുവര്‍ക്കും നെന്മാറ സബ്ബ് രജിസ്ട്രാര്‍ കെ അജയകുമാര്‍ വ്യാഴാഴ്ച വിവാഹ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു.
സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ ബാബു എംഎല്‍എ ഇരുവര്‍ക്കും വിവാഹ സര്‍ട്ടിഫക്കറ്റ് കൈമാറി. 2010 ഫെബ്രുവരിയിലാണ് റഹ്മാനോടൊപ്പം ജീവിക്കാന്‍ 18 കാരിയായ സജിത വീട് വിട്ടിറങ്ങിയത്. ഇലക്ട്രിക്കല്‍ ജോലിയും പെയിന്റിങും ചെയ്യുന്ന റഹ്മാനോടൊപ്പം കഴിയുന്നതിനായി ഇറങ്ങിത്തിരിച്ച സജിതയെ റഹ്മാന് ആരുമറിയാതെ വീട്ടിലെ മുറിയില്‍ താമസിപ്പിക്കുകയായിരുന്നു.
പുറത്ത് സ്വതന്ത്രമായി ജീവിക്കണമെന്ന മോഹത്തില്‍ 2021 മാര്‍ച്ചില്‍ ഇരുവരും വീട് വിട്ടിറങ്ങി വിത്തനശ്ശേരിയ്ക്ക് സമീപം വാടക വീട്ടിലേക്ക് താമസം മാറി. റഹ്മാനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ സഹോദരന് റഹ്മാനെ നെന്മാറയില് വെച്ച് കാണുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രണയ ജീവിതത്തിന്റെ 10 വര്‍ഷത്തെ ചരിത്രം പുറം ലോകമറിഞ്ഞത്.