കാസര്‍കോട്; വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. മഞ്ചേശ്വരം ഹൊസങ്കടി മൊറത്തണയില്‍ മൊറത്തണ ഹൗസില്‍ സദാശിവ ഷെട്ടിയുടെയും യശോദയുടെയും മകന് മോക്ഷിത്ത് രാജ് ഷെട്ടി ആണ് ഷോക്കേറ്റ് മരിച്ചത്.
നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മോക്ഷിത്ത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വീടിനുസമീപം പണിയുന്ന വീട്ടില്‍ കളിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വീടിന്റെ മുകള്‍നിലയില്‍ കൈയെത്തും ദൂരത്തുണ്ടായ വൈദ്യുതി കമ്പിയില്‍ മോക്ഷിത്ത് തൊടുകയായിരുന്നു.
ഷോക്കേറ്റ് തെറിച്ചുവീണ കുട്ടിയെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൊറത്തണ ഗവ. യു.പി. സ്കൂള്‍ വിദ്യാര്‍ഥിയാണ്.