തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോളജുകള്‍ തുറക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. കോളജുകള്‍ ഈ മാസം 25 ന് തുറന്നാല്‍ മതിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച ഉന്നത തലയോഗത്തില്‍ തീരുമാനമെടുത്തത്.
ഇന്ന് നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷകളും വിവിധ സര്‍വ്വകലാശാല പരീക്ഷകളും മാറ്റിയിരുന്നു. പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്ലസ് വണ്‍ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഡാമുകള്‍ എപ്പോള്‍ തുറക്കണമെന്ന് വിദഗ്ധ സമിതി തീരുമാനിക്കുമെന്നും അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.
ആലപ്പുഴയിലേക്ക് ഒരു എന്‍ഡിആര്‍എഫ് സംഘത്തെ കൂടി നിയോഗിക്കും. മണ്ണിടിച്ചില്‍ സാധ്യതാപ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ നിര്‍ബന്ധമായും മാറ്റി താമസിപ്പിക്കാന്‍ മുഖ്യമന്ത്രി ജില്ലാഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്കി.