ആലപ്പുഴ: അപ്രതീക്ഷിതമായി എത്തിയ കനത്തമഴ പല പ്രദേശങ്ങളെയും വെള്ളത്തിലാഴ്ത്തി. റോഡില്‍ മുഴുവന്‍ വെള്ളം കയറിയതോടെ ചെമ്പില്‍ കയറിയിരുന്ന് വിവാഹ പന്തലില്‍ എത്തിയിരിക്കുകയാണ് വരനും വധുവും. ആലപ്പുഴയില്‍ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
ആലപ്പുഴ തലവടിയിലെ ഐശ്വര്യയും ആകാശുമാണ് ചെമ്പില്‍ കയറി യാത്ര ചെയ്ത് വിവാഹ പന്തലിലെത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ക്ഷേത്രത്തില്‍ വച്ച് തന്നെ വിവാഹം കഴിക്കണമെന്ന വധൂവരന്മാരുടെ ആഗ്രഹം സഫലമാക്കാന്‍ ഇരുവരെയും ചെമ്പില്‍ കയറ്റി വിവാഹ പന്തലില്‍ എത്തിക്കാന്‍ ബന്ധുക്കളും നാട്ടുകാരും തയ്യാറാവുകയായിരുന്നു.
കനത്തമഴയെ തുടര്‍ന്ന് മണിമലയാറിലും പമ്പയിലും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന്് അപ്പര്‍കുട്ടനാട് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. തലവടി ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇതോടെ കല്യാണം നടത്താന്‍ തീരുമാനിച്ചിരുന്ന ക്ഷേത്ര പരിസരവും വെള്ളത്തിന്റെ അടിയിലായി.
ഇതോടെ ചെമ്പില്‍ വധൂവരന്മാരെ ക്ഷേത്രത്തില്‍ എത്തിക്കാന്‍ ബന്ധുക്കളും നാട്ടുകാരും തീരുമാനിക്കുകയായിരുന്നു. കല്യാണം നടന്ന ഓഡിറ്റോറിയത്തില്‍ വേദിയുടെ താഴെ വരെ വെള്ളക്കെട്ടാണ്. കല്യാണം കഴിഞ്ഞ് ഇരുവരെയും ചെമ്പില്‍ തന്നെ തിരികെ കൊണ്ടുപോയി.