കോട്ടയം: ഉരുള്‍പൊട്ടലില്‍ കാണാതായ അഞ്ചംഗ കുടുംബത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിയാദ്. കോട്ടയം- ഇടുക്കി ജില്ലാ അതിര്‍ത്തിയിലെ കൊക്കയാറില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് കാഞ്ഞിരപ്പള്ളി സ്വദേശി സിയാദിന്റെ അഞ്ചംഗ കുടുംബത്തെ കാണാതായത് .
സിയാദിന്റെ ഭാര്യ ഫൗസിയ, മക്കളായ അമീന് സിയാദ്, അമ്ന സിയാദ്, സഹോദരിയുടെ മക്കളായ അഖ്സാന, അഖിയാന്‍ എന്നിവരെയാണ് ഒരുള്‍പൊട്ടലില്‍ കാണാതായത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം സിയാദും ഭാര്യയും മക്കളും സഹോദരിയുടെ മക്കളും അടങ്ങുന്ന കുടംബം ഇവിടെ എത്തിയത്.
കൊക്കയാറിലെ ബന്ധുവീട്ടില്‍ തങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. സിയാദും അവിടെയുണ്ടായിരുന്നതാണ്. എന്നാല്‍ പിതാവിന് ഹൃദയാഘാതമുണ്ടായെന്ന് അറിഞ്ഞതോടെ സിയാദ് ഇവിടെ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് പോയി. ശനിയാഴ്ച ഉച്ചയ്ക്ക് സിയാദിന്റെ സഹോദരന് ഇവരോടെ ഫോണില്‍ സംസാരിക്കവെ പെട്ടെന്ന് നിലവിളി കേള്‍ക്കുകയും ഫോണ്‍ കണക്ഷന് വിച്ഛേദിക്കപ്പെടുകയായിരുന്നു.
ഉരുള്‍പൊട്ടലില്‍ കുടുംബമൊന്നാകെ ഒഴുകിപോയെന്ന് സിയാദ് അറിയുന്നത് പിന്നെയും കുറച്ചുകഴിഞ്ഞാണ്. ദുരന്തസ്ഥലത്തെത്തിയ സിയാദ് ഉറ്റവര്‍ ജീവനോടെ മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്.