കോട്ടയം; ഉരുള്‍പൊട്ടലില്‍ പെട്ടവരെ രണ്ടുപേരെ സ്വന്തം ജീവന് പോലും മറന്ന് രക്ഷിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. എരുമേലിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാരാണ് പുല്ലുപാറയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടെ രക്ഷയ്ക്കെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് പുല്ലുപാറയില്‍ ഉരുള്‍പൊട്ടിയത്. ആ സമയത്ത് നിരവധി വാഹനങ്ങള്‍ക്കൊപ്പം കെഎസ്ആര്‍ടിസി ബസും റോഡിലുണ്ടായിരുന്നു. വെള്ളം ഒഴുകി ബസ്സിനടുത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഒരു കുട്ടിയും മറ്റൊരാളും ഒഴുകിവരുന്നത് കണ്ടക്ടര്‍ കണ്ടു.
അദ്ദേഹം പെട്ടെന്ന് അവരെ ചാടിപ്പിടിച്ച് വണ്ടിയില്‍ കയറ്റി. അതിനു ശേഷം കാറിനടിയില്‍ ഒരു സ്ത്രീയുടെ കാല് ഉടക്കി കിടക്കുന്നത് കണ്ടു. കാര്‍ പൊക്കി അവരെ എഴുന്നല്‍പ്പിച്ച് അവരെയും ബസ്സില്‍ കയറ്റി. അവിടെയുണ്ടായിരുന്ന വാഹനങ്ങളില്‍ ഏതാണ്ട് നൂറോളം ആളുകള്‍ ഉണ്ടായിരുന്നു.
അവരെയെല്ലാം രണ്ടു മണിവരെ സുരക്ഷിതമായ വാഹനത്തില്‍ കയറ്റി ഇരുത്തി. പിന്നീട് ഇവരെ കാല്‍നടയായി മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി.- കെഎസ്ആര്‍ടിസി ഡ്രൈവര്‍ പറഞ്ഞു. കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി.