കണ്ണൂര്‍; കണ്ണൂരില്‍ ഒന്നരവയസ്സുകാരിയെ പിതാവ് പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. സ്വര്‍ണം പണയപ്പെടുത്തിയതിന്റെ പേരില്‍ ഭാര്യയുടെ നിരന്തരം അവഹേളനം കാരണമാണ് മകളെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ കെപി ഷിജു വെളിപ്പെടുത്തി.
വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് പാത്തിപ്പാലം പുഴയിലേക്ക് ഭാര്യയേയും ഒന്നര വയസുകാരി മകളെയും ഷിജു തള്ളിയിട്ടത്. സോനയെ നാട്ടുകാര്‍ രക്ഷിച്ചുവെങ്കിലും അന്വിത മരിച്ചു. തുടര്‍ന്ന് ഷിജുവിനുവേണ്ടി നടത്തിയ തിരച്ചിലില്‍ മട്ടന്നൂരില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലാവുന്നത്.
സാമ്പത്തിക പ്രയാസമുള്ളതിനാല്‍ ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയിരുന്നെന്നും ഇതിന്റെ പേരില്‍ ഭാര്യ നിരന്തരം കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തതിനാലാണു പുഴയില്‍ തള്ളിയിട്ടു കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ഷിജു പറഞ്ഞതായി പൊലീസ് പറയുന്നു.
ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്കു തള്ളിയിട്ടതാണെന്നു ഷിജു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സ്വര്‍ണം പണയത്തിലായിരുന്ന കാര്യം സോനയും പൊലീസിനോടു പറഞ്ഞിട്ടുണ്ട്.