പാലക്കാട്: ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഒന്നരമാസം കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണം. ആലത്തൂര്‍ സ്വദേശിനിയായ സൂര്യകൃഷ്ണയെയാണ് കാണാതായത്. പെണ്‍കുട്ടിയുടെ ലുക്ക്ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയിട്ടുണ്ട്. അന്വേഷണത്തില്‍ യാതൊരു തുമ്പും കിട്ടാതായതിനെത്തുടര്‍ന്നാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.
പെണ്‍കുട്ടിയെ കണ്ടെത്താന്‍ ഗോവ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഗോവയില്‍ വീട് വെച്ച് താമസിക്കണമെന്ന് സൂര്യകൃഷ്ണ പറഞ്ഞതിനാല്‍ അവിടം കേന്ദ്രീകരിച്ചാണ് അന്വേഷണം. ഓഗസ്റ്റ് മുപ്പതാം തീയതിയാണ് സൂര്യ കൃഷ്ണ വീട് വിട്ടിറങ്ങിയത്.
പുസ്തകം വാങ്ങാന്‍ പോകുകയാണെന്ന് അമ്മയോട് പറഞ്ഞാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. പുസ്തക കടയില്‍ കാത്തു നിന്നിട്ടും മകളെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഓഗസ്റ്റ് മുപ്പതിന് പകല്‍ പതിനൊന്നേകാലോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞത്.
മൊബൈല്‍ ഫോണും എടിഎം കാര്‍ഡും എടുക്കാതെയാണ് സൂര്യകൃഷ്ണ വീടു വിട്ടിറങ്ങിയത്. യാതൊരു സൂചനകളും അവശേഷിപ്പിക്കാതെ പോയതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. തമിഴ്നാട്ടിലെ സൂര്യകൃഷ്ണയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.