തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് വിജയദശമി ദിനമായ ഇന്ന് നിരവധി കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്നത്. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും രാവിലെ മുതല്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കമായിയിരുന്നു.
അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അതുകൊണ്ടാണ് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട സാമൂഹ്യപ്രവര്‍ത്തനമായി പരിഗണിക്കപ്പെടുന്നതെന്ന് വിജയദശമി ആശംസകള്‍ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
നാല് കുരുന്നുകളെ മുഖ്യമന്ത്രി എഴുത്തിനിരുത്തി. നേഹ, നിയ, കനി, ഫിദല്‍ എന്നീ കുഞ്ഞുങ്ങളെയാണ് മുഖ്യമന്ത്രി എഴുത്തിനിരുത്തിയത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ദീര്‍ഘകാലം അടച്ചിട്ട വിദ്യാലയങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പോകുന്നു എന്നതും സന്തോഷകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കാനും നാടിന്റെ ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഒരുമിച്ച് നില്‍ക്കാമെന്നും മുഖ്യമന്ത്രി കുറിച്ചു.