മമ്പാട്: സ്ത്രീധനത്തിന്റെ പേരിൽ മകൾക്ക് പീഡനം ഏൽക്കേണ്ടിവന്നതോടെ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വനിതാകമ്മീഷന്റെ ഇടപെടൽ. ജീവനൊടുക്കിയ മമ്പാട് പന്തലിങ്ങലിൽ മൂസക്കുട്ടിയുടെ വീട് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി സന്ദർശിച്ചു.
വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സന്ദർശനം. അരമണിക്കൂറോളം കാര്യങ്ങൾ വിശദമായി ചോദിച്ചറിയുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. മൂസക്കുട്ടിയുടെ മകൾ ഹിബയുടെ തുടർപഠനത്തിന് സഹായിക്കാൻ വനിതാ കമ്മിഷൻ സാധ്യമായ മാർഗങ്ങൾ പരിശോധിക്കും.
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമിതിയംഗം പിഎൻ ശോഭനാ ഭായ്, നിലമ്പൂർ നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, മമ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ഉമൈമത്ത്, ഷിഫ്ന നജീബ് എന്നിവരും ഒപ്പമുണ്ടായിരുന്നു.