ചേര്‍ത്തല: 200 രൂപ മുടക്കി എടുത്ത 5 ലോട്ടറി ടിക്കറ്റില്‍ ഒന്നാം സമ്മാനമുള്‍പ്പെടെ 4 സമ്മാനം. സംസ്ഥാന സര്‍ക്കാരിന്റെ വിന് വിന് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയും 8000 രൂപ വീതമുള്ള മൂന്നു സമാശ്വാസ സമ്മാനങ്ങളാണ് ചേര്‍ത്തല സ്വദേശിക്ക് ലഭിച്ചത്.
ഭാഗ്യദേവത കടാക്ഷിച്ചത് ചേര്‍ത്തല തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് ദേവിഭവനത്തില് ദിലീപ്കുമാറിനെയാണ് (53) . ചേര്‍ത്തല മണവേലിയിലെ കള്ളുഷാപ്പ് മാനേജരാണ് ദിലീപ് കുമാര്‍. കാളികുളം ലീല ലക്കി സെന്ററില്‍നിന്ന് ഷാപ്പിലെത്തി ലോട്ടറി വില്‍ക്കുന്ന ഭിന്നശേഷിക്കാരന് കൊക്കോതമംഗലം കരിയില്‍ സുനില്‍കുമാറിന്റെ കയ്യില്‍ നിന്നാണു ടിക്കറ്റ് വാങ്ങിയത്.
ദിലീപ് കുമാര്‍ 200 രൂപ മുടക്കി 5 ടിക്കറ്റാണ് ശനിയാഴ്ച എടുത്തത്. ഒരു ടിക്കറ്റിന് ഒന്നാം സമ്മാനവും 3 ടിക്കറ്റുകള്‍ക്ക് 8000 രൂപ വീതവും ലഭിച്ചു.ടിക്കറ്റ് അരീപ്പറമ്പ് 1344-ാം നമ്പര്‍ സഹകരണ ബാങ്കില്‍ ഏല്പിച്ചു. വര്‍ഷങ്ങളായി ലോട്ടറി എടുക്കുന്നയാളാണ് ദിലീപ്കുമാര്. 30,000 രൂപ വരെ മുന്‍പു സമ്മാനം ലഭിച്ചിട്ടുണ്ട്. ഭാര്യ: അങ്കണവാടി അധ്യാപിക പ്രബുഷ. മക്കള്‍: ദൃശ്യ, ദേവിക. മരുമകന്: വിഷ്ണു. തുക എന്തുചെയ്യണമെന്ന് തീരുമാനിച്ചില്ലെന്ന് ദിലീപ് കുമാര്‍ പറയുന്നു.