മലപ്പുറം: ക്വാര്‍ട്ടേഴ്സില്‍ രഹസ്യമായി കഞ്ചാവ് ചെടി നട്ടുവളര്‍ത്തി ഫോട്ടോയെടുത്ത് കൂട്ടുകാര്‍ക്ക് വാട്സാപ്പില്‍ അയച്ച യുവാവ് ഒടുവില്‍ പോലീസിന്റെ പിടിയില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി സനിര്‍ ആണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വണ്ടൂര്‍ വിഎംസി ഗവണ്മെന്റ് ഹൈസ്ക്കൂള് മൈതാനത്തിന്റെ പരിസരത്ത് എക്സൈസ് സംഘം പരിശോധന നടത്തിയിരുന്നു. പാറപ്പുറവന്‍ ഹൗസില്‍ സനിറിനെ ഇവിടെവെച്ച് 360 മില്ലിഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടി.
പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വാട്സ്ആപ് വഴി കഞ്ചാവു ചെടിയുടെ ഫോട്ടോകള്‍ അയച്ച് കൊടുത്തത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെയാണ് സനിര്‍ താമസിക്കുന്ന വണ്ടൂര്‍ ടിബി കുന്നിലെ വാടക ക്വാര്‍ട്ടേഴ്സില്‍ കഞ്ചാവു ചെടി വളര്‍ത്തുന്ന കാര്യം പുറത്തറിയുന്നത്.
തുടര്‍ന്ന് എക്സൈസ് സംഘം ഇവിടെയത്തുകയും പരിശോധന നടത്തുകയും ചെയ്തതോടെയാണ് ക്വാര്‍ട്ടേഴ്സിന്റെ പുറകുവശത്ത് ചെടികള്‍ക്കിടയില്‍ നിന്ന് 3 മാസം വളര്‍ച്ചയെത്തിയ കഞ്ചാവു ചെടി കണ്ടെത്തിയത്.