കൊല്ലം: കേരളത്തെ നടുക്കിയ അഞ്ചല്‍ ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി. കൊല്ലം അഡീ. സെഷന്‍സ് കോടതിയുടേതാണ് വിധി. ജഡ്ജി എം മനോജാണ് വിധി പറയുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്ന് പ്രോസിക്യൂഷന് വാദിച്ചു.
പ്രതി സൂരജിന്് വധശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു. വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണ്. സ്വന്തം ഭാര്യ വേദനയാല്‍ നിലവിളിച്ചപ്പോള്‍ പ്രതി മറ്റൊരു കൊല ആസൂത്രണം ചെയ്തെന്നും പ്രോസിക്യൂഷന് പറഞ്ഞു. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒന്നുമില്ലെന്നായിരുന്നു പ്രതി സൂരജിന്റെ മറുപടി.
വിധി പറയുന്നത് 13ലേക്ക് മാറ്റിവെച്ചു. ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തിയിരുന്നു. 2020 മേയ് ഏഴിനാണ് മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റ് ഉത്ര മരിച്ചത്. കൊലപാതകമാണെന്ന എട്ടു പേജുള്ള പരാതിയുമായി ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്പിയായിരുന്ന ഹരിശങ്കറിനെ കണ്ടതോടെയാണ് കൊലപാതകത്തിലേക്ക് അന്വേഷണമെത്തിയത്.
തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 14 ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കോടതിയില്‍ വിചാരണനടപടികളും വേഗത്തിലായിരുന്നു. ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊന്നെന്നാണ് പ്രോസിക്യൂഷന് വാദം. 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. ഡമ്മി പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും നിര്‍ണായകം.