ഒരു ചാനല്‍ പരിപാടിയുടെ വേദിയില്‍ ഗായകന് എംജി ശ്രീകുമാര്‍ പറഞ്ഞ ചില കാര്യങ്ങള്‍ അടുത്തിടെ ചര്‍ച്ചയായിരുന്നു. താന്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നുണ്ടെന്നും ക്രിസ്തീയ ഭക്തിഗാനങ്ങള്‍ പാടുമ്പോള്‍ പ്രത്യേക അനുഭവം തോന്നാറുണ്ടെന്നുമായിരുന്നു എംജി ശ്രീകുമാര്‍ പറഞ്ഞത്.
മഴവില്‍ മനോരമയിലെ ‘ഒന്നും ഒന്നും മൂന്നി’ന്റെ വേദിയില്‍ വെച്ചാണ് എംജി ശ്രീകുമാര്‍ ഇക്കാര്യം പറഞ്ഞത്. ഈ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട് ഇപ്പോള്‍ മതപരിവര്‍ത്തനം വരെയുള്ള ചര്‍ച്ചകളിലേയ്ക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നവരാത്രി ദേവി ഗീതങ്ങള്‍ റിലീസ് ചെയ്തതോടെയാണ് തുടക്കം. എം.ജി.ശ്രീകുമാറിനു നേരേ മതത്തിന്റെ പേരില്‍ പരാമര്‍ശങ്ങള്‍ ഉയരുകയായിരുന്നു.
ഗായകന് മതം മാറുകയാണോ എന്നു ചോദിച്ചാണ് പലരും രംഗത്തെത്തിയത്. ചിലര്‍ പരിഹാസരൂപേണ അദ്ദേഹത്തെ ‘പാസ്റ്റര്‍’ എന്ന് അഭിസംബോധന ചെയ്യുകയുമുണ്ടായി. ‘പാസ്റ്റര്‍, നവരാത്രി ആശംസകള്‍ ഒക്കെ ഉണ്ടോ?’ എന്നായിരുന്നു എംജിയുടെ പോസ്റ്റിനു താഴെ ചിലരുടെ കമന്റ്.
സംഭവത്തില്‍ പ്രതികരിച്ച് തൊട്ടുപിന്നാലെ എം.ജി.ശ്രീകുമാര്‍ രംഗത്തെത്തി. ” ചില കുബുദ്ധികള്‍ ചുമ്മാ പടച്ചുവിടുന്ന കാര്യമാണ് ഞാന്‍ മതം മാറിയെന്നത്. ഞാന്‍ ഒരു ഹിന്ദു ആണ്. പക്ഷേ ഒരു ശക്തിയില്‍ വിശ്വസിക്കുന്നു. ഏതു ശക്തിയില്‍ വിശ്വസിക്കാനും ഒരു മനുഷ്യന്റെ അവകാശമാണ്”- എന്ന് എംജി ശ്രീകുമാര്‍ പറഞ്ഞു.
എംജി ശ്രീകുമാറിന്റെ വാക്കുകള്‍
‘ഒരു ഗായകന് എന്ന നിലയില്‍ ഞാന്‍ എല്ലാ മതത്തിലുള്ള പാട്ടുകളും പാടിയിട്ടുണ്ട്. ചില കുബുദ്ധികള്‍ ചുമ്മാ പടച്ചുവിടുന്ന കാര്യമാണ് ഞാന്‍ മതം മാറിയെന്നത്. ഞാന്‍ ഒരു ഹിന്ദു ആണ്. പക്ഷേ ഒരു ശക്തിയില്‍ വിശ്വസിക്കുന്നു. ഏതു ശക്തിയില്‍ വിശ്വസിക്കാനും ഒരു മനുഷ്യന്റെ അവകാശമാണ്. എന്റെ ഗുരുക്കന്മാര് ശബരിമലയില്‍ പോകുന്നു, കൂട്ടുകാര്‍ ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നു. അതിനൊന്നും കുഴപ്പമില്ല. എന്നെയാണ് ലക്ഷ്യം. ദയവായി ഒന്ന് വിട്ടു പിടി. ഒരു ഹിന്ദുവായി ജനിച്ചു. ഒരു ഹിന്ദുവായിത്തന്നെ ഈ ജന്മം ജീവിക്കും. ലവ് യൂ ഓള്’, എന്നാണ് കമന്റുകള്‍ക്കു മറുപടിയായി എം.ജി.ശ്രീകുമാര്‍ കുറിച്ചത്.